ഡെന്റണില്‍ പോലീസിനു നേരെ ഇരുമ്പ് വടികൊണ്ട് ആക്രമണത്തിന് മുതിര്‍ന്നയാള്‍ വെടിയേറ്റ് മരിച്ചു

By: 600002 On: Mar 9, 2026, 10:59 AM


 

 

പി പി ചെറിയാന്‍

ഡെന്റണ്‍: ഡെന്റണില്‍ പോലീസിനു നേരെ ഇരുമ്പ് വടികൊണ്ട് ആക്രമണത്തിന് മുതിര്‍ന്നയാള്‍ വെടിയേറ്റ് മരിച്ചു അമേരിക്കയിലെ ടെക്‌സസിലുള്ള ഡെന്റണിലെ പിക്കിള്‍ബോള്‍ കോര്‍ട്ടില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. മദ്യപിച്ച നിലയിലുള്ള ഒരാളെക്കുറിച്ച് ലഭിച്ച പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തിയതായിരുന്നു പോലീസ്.

കൈയ്യില്‍ ഇരുമ്പ് വടിയുമായി കോര്‍ട്ടിന് മുകളിലെ വേലിയില്‍ കയറി നിന്ന വ്യക്തി, തന്നെ കൊല്ലാന്‍ പോലീസിനെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

പോലീസുകാര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വേലിയില്‍ നിന്ന് താഴെയിറങ്ങി ഇരുമ്പ് വടിയുമായി ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുത്തു.

പ്രതിയെ തടയാന്‍ ടേസര്‍ (Taser) തോക്ക് ഉപയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കോ മറ്റ് ആളുകള്‍ക്കോ പരിക്കേറ്റിട്ടില്ല. വെടിയുതിര്‍ത്ത ഉദ്യോഗസ്ഥനെ ഔദ്യോഗിക നടപടികളുടെ ഭാഗമായി അവധിയില്‍ പ്രവേശിപ്പിച്ചു. ടെക്‌സസ് റേഞ്ചേഴ്സ് (Texas Rangers) സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.