ടംബ്ലർ റിഡ്ജ് വെടിവെപ്പ്: ഓപ്പൺഎഐ സിഇഒ മാപ്പ് പറയും; ബി.സി. പ്രീമിയറുമായി കൂടിക്കാഴ്ച നടത്തി

By: 600110 On: Mar 7, 2026, 2:23 PM

 

ഫെബ്രുവരി 10-ന് ടംബ്ലർ റിഡ്ജിലുണ്ടായ  വെടിവെപ്പിനെത്തുടർന്ന് കമ്മ്യൂണിറ്റിയോട് മാപ്പ് പറയാൻ ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ തയ്യാറാണെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി . വ്യാഴാഴ്ച ഉച്ചയ്ക്ക് സാം ആൾട്ട്മാനുമായും കമ്പനിയുടെ ഗ്ലോബൽ പോളിസി വൈസ് പ്രസിഡൻ്റ് ആനി ഒലിയറിയുമായും നടത്തിയ ചർച്ചയിലാണ് പ്രീമിയർ ഇക്കാര്യം ആവശ്യപ്പെട്ടത്.

ദുരന്തബാധിതരായ മാതാപിതാക്കളോടും പ്രദേശവാസികളോടും ഔദ്യോഗികമായി മാപ്പ് പറയണമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എഐ കമ്പനികൾക്ക് കൃത്യമായ റിപ്പോർട്ടിംഗ് മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ഫെഡറൽ സർക്കാരിനോട് സംയുക്തമായി ആവശ്യപ്പെടണമെന്നും എബി നിർദ്ദേശിച്ചു. ഒരു മാപ്പ് കൊണ്ട് മാത്രം ദുരന്തത്തിൻ്റെ ആഘാതം കുറയ്ക്കാനാവില്ലെങ്കിലും, അത് അനിവാര്യമായ ഒരു നടപടിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

എട്ട് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് പിന്നാലെയാണ് ഓപ്പൺഎഐയുടെ സുരക്ഷാ വീഴ്ചകൾ ചർച്ചയായത്. പ്രതിയായ ജെസ്സി വാൻറൂട്ട്സലറുടെ ചാറ്റ് ജിപിടി അക്കൗണ്ട്  കഴിഞ്ഞ ജൂണിൽ കമ്പനി റദ്ദാക്കിയിരുന്നുവെങ്കിലും, ആ വിവരം പോലീസിനെ അറിയിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. കൂടാതെ, കർശനമായ നിരീക്ഷണ സംവിധാനങ്ങൾ നിലവിലുണ്ടായിട്ടും ഇവരുടെ പേരിൽ രണ്ടാമതൊരു അക്കൗണ്ട് കൂടി കണ്ടെത്താൻ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. അപകടത്തിന് ശേഷമാണ് ഇത് കണ്ടെത്തിയത്.

സംഭവത്തിന് ശേഷം പോലീസ് റെഫറൽ സംവിധാനങ്ങളും കുറ്റവാളികളെ കണ്ടെത്താനുള്ള രീതികളും പരിഷ്കരിക്കുമെന്ന് ഓപ്പൺഎഐ അറിയിച്ചിട്ടുണ്ട്. ടംബ്ലർ റിഡ്ജ് മേയർ ഡാരിൽ ക്രാക്കോവ്കയുമായി സഹകരിച്ച്,  ഔദ്യോഗിക മാപ്പപേക്ഷ പുറത്തിറക്കാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്