ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ടെൽ അവീവ്, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുന്നതായി എയർ കാനഡ അറിയിച്ചു. പുതിയ തീരുമാനപ്രകാരം ടൊറൻ്റോയിൽ നിന്നുള്ള ടെൽ അവീവ് വിമാനങ്ങൾ മെയ് രണ്ട് വരെയും ദുബായ് സർവീസുകൾ മാർച്ച് 28 വരെയുമാണ് റദ്ദാക്കിയിരിക്കുന്നത്.
മേഖലയിലെ സുരക്ഷാ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇതിന് പകരമായി യാത്രക്കാർക്ക് കാനഡയിലെത്താൻ ഡൽഹി വഴിയുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി. ഇറാനും ഇസ്രായേലും തമ്മിലുള്ള വ്യോമാക്രമണങ്ങളെത്തുടർന്ന് മിഡിൽ ഈസ്റ്റിലെ പല രാജ്യങ്ങളും വ്യോമപാതകൾ അടച്ചതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. മിഡിൽ ഈസ്റ്റിലെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഇസ്രായേൽ, ഇറാൻ, യുഎഇ, ലെബനൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കാനഡ സർക്കാർ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന 180 കാനഡക്കാരെ ശനിയാഴ്ച ദുബായിൽ നിന്ന് ഇസ്താംബൂളിലേക്ക് ചാർട്ടേഡ് വിമാനത്തിൽ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു.
ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളും താൽക്കാലികമായി വ്യോമപാതകൾ അടച്ചതോടെ യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും ഇത് ബാധിച്ചിട്ടുണ്ട്. നിലവിലെ അനിശ്ചിതത്വം തുടരുന്നതിനാൽ വരും ദിവസങ്ങളിലും വിമാന സർവീസുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.