ആൽബർട്ടയിൽ വിദ്യാഭ്യാസ നികുതി കുതിച്ചുയരുന്നു; ചെസ്റ്റർമിയറിലും എയർഡ്രിയിലും വൻ വർദ്ധനവ്

By: 600110 On: Mar 7, 2026, 12:46 PM

ആൽബെർട്ട പ്രവിശ്യയിലെ വിദ്യാഭ്യാസ പ്രോപ്പർട്ടി ടാക്സ് വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ചെസ്റ്റർമിയർ, എയർഡ്രി നഗരങ്ങളിലെ താമസക്കാർക്ക് വലിയ സാമ്പത്തിക ബാധ്യത ആയേക്കുമെന്ന് റിപ്പോർട്ട്. പ്രവിശ്യയിൽ തന്നെ ഏറ്റവും ഉയർന്ന വർദ്ധനവ് രേഖപ്പെടുത്തിയത് ചെസ്റ്റർമിയറിലാണ്. ഏകദേശം 31 ശതമാനത്തിൻ്റെ വർദ്ധനവാണ് ഇവിടെയുണ്ടാകുന്നത്. ഇതുമൂലം ശരാശരി ഒരു വീട്ടുടമസ്ഥൻ ഈ വർഷം 300 ഡോളറോളം അധികമായി നൽകേണ്ടി വരും.

നികുതിപ്പണത്തിൻ്റെ 45 ശതമാനവും പ്രവിശ്യാ സർക്കാരിലേക്ക് പോകുന്നതിനാൽ നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് തുക കുറയുന്നതിനെക്കുറിച്ച് മേയർ ഷാനൻ ഡീൻ ആശങ്ക പ്രകടിപ്പിച്ചു. എയർഡ്രിയിൽ 19 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ഇത് ശരാശരി 259 ഡോളറിൻ്റെ അധിക ബാധ്യത താമസക്കാർക്ക് നൽകും.
ജനസംഖ്യാ വർദ്ധനവിനനുസരിച്ച് കൂടുതൽ സ്കൂളുകൾ നിർമ്മിക്കുന്നതിനും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ നികുതി വർദ്ധനവെന്ന് പ്രീമിയർ ഡാനിയൽ സ്മിത്ത് ന്യായീകരിച്ചു.

പുതിയ സ്കൂൾ നിർമ്മാണത്തിനുള്ള ഫണ്ട് ചെസ്റ്റർമിയറിനും എയർഡ്രിക്കും ലഭിക്കുമെന്നത് ആശ്വാസകരമാണെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കുന്നു. നഗരസഭയിലേക്കുള്ള നികുതിയും പ്രവിശ്യാ സർക്കാരിലേക്കുള്ള വിദ്യാഭ്യാസ നികുതിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ നഗരസഭകൾ.