ഒൻ്റാരിയോയിലെ വിൻഡ്സറിൽ കാനഡയിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ഇലക്ട്രിക് വെഹിക്കിൾ ബാറ്ററി നിർമ്മാണ പ്ലാൻ്റായ 'നെക്സ്റ്റ് സ്റ്റാർ എനർജി' ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ഏകദേശം 500 കോടി ഡോളർ നിക്ഷേപത്തിൽ 4.23 ദശലക്ഷം ചതുരശ്ര അടിയിൽ നിർമ്മിച്ച ഈ കൂറ്റൻ പ്ലാൻ്റ് മേഖലയിൽ 2,500 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2025 നവംബറിൽ ഉൽപ്പാദനം ആരംഭിച്ച ഈ പ്ലാൻ്റ് ഇതിനോടകം പത്ത് ലക്ഷത്തിലധികം ബാറ്ററി സെല്ലുകൾ നിർമ്മിച്ചുകഴിഞ്ഞു. നിലവിൽ 1,300 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും പ്ലാൻ്റ് പൂർണ്ണ ശേഷിയിൽ എത്തുന്നതോടെ 1,200 പേരെ കൂടി നിയമിക്കുമെന്നും ഒൻ്റാരിയോ സർക്കാർ അറിയിച്ചു. കാനഡയുടെ വാഹന നിർമ്മാണ മേഖലയെ ആധുനികവൽക്കരിക്കാനും ആഗോള വിപണിയിൽ രാജ്യത്തിൻ്റെ മത്സരക്ഷമത വർദ്ധിപ്പിക്കാനും ഈ പദ്ധതി നിർണ്ണായകമാണെന്ന് പ്രീമിയർ ഡഗ് ഫോർഡ് വ്യക്തമാക്കി.
അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാദേശിക തൊഴിലാളി യൂണിയനുകളിൽ നിന്ന് കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്. വൈദഗ്ധ്യമുള്ള ജോലികൾക്ക് മാത്രമെ വിദേശ തൊഴിലാളികളെ നിയോഗിക്കുമെന്ന ഉറപ്പ് ലംഘിക്കപ്പെട്ടതായും, സാധാരണ ജോലികൾക്കായി ദക്ഷിണ കൊറിയയിൽ നിന്നുള്ളവരെ വൻതോതിൽ ഉപയോഗിക്കുന്നുണ്ടെന്നും യൂണിയൻ നേതാക്കൾ ആരോപിക്കുന്നു.
എൽജി എനർജി സൊല്യൂഷൻസ് പൂർണ്ണ ഉടമസ്ഥാവകാശം ഏറ്റെടുത്ത ഈ സംരംഭം, വടക്കേ അമേരിക്കയിലെ ബാറ്ററി വിതരണ ശൃംഖലയുടെ പ്രധാന കേന്ദ്രമായി മാറാനാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കും എഐ (AI) ഡാറ്റാ സെൻ്ററുകൾക്കും ആവശ്യമായ ഊർജ്ജ സംഭരണ സംവിധാനങ്ങൾ ഒരുക്കുന്നതിലൂടെ കാനഡയുടെ വ്യാവസായിക ഭാവി സുരക്ഷിതമാക്കാൻ ഈ പ്ലാൻ്റ് സഹായിക്കുമെന്ന് കമ്പനി സിഇഒ ഡാനിയസ് ലീ പറഞ്ഞു.