വീണ്ടും, വാര്‍ത്താപ്രാധാന്യം നേടി മിഷേല്‍ ഒബാമയുടെ അസാന്നിധ്യം 

By: 600002 On: Mar 7, 2026, 10:01 AM



 

പി പി ചെറിയാന്‍

ഷിക്കാഗോ: ഷിക്കാഗോയില്‍ ഇന്ന് നടന്ന ജെസ്സി ജാക്‌സന്റെ സംസ്‌കാര ചടങ്ങില്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ തനിച്ച് പങ്കെടുത്തത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ്. ജോ ബൈഡന്‍, ബില്‍ ക്ലിന്റണ്‍ എന്നിവര്‍ തങ്ങളുടെ പത്‌നിമാരോടൊപ്പം ചടങ്ങിലെത്തിയപ്പോള്‍ മിഷേല്‍ ഒബാമയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.

തുടര്‍ച്ചയായ  ജിമ്മി കാര്‍ട്ടറുടെ സംസ്‌കാര ചടങ്ങിലും ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും മിഷേല്‍ പങ്കെടുത്തിരുന്നില്ല. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയത്.

33 വര്‍ഷം നീണ്ട ദാമ്പത്യം പ്രതിസന്ധിയിലാണെന്നും ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തന്റെ തീരുമാനങ്ങളെ ആളുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് മിഷേല്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 'ഒരു സ്ത്രീ സ്വന്തം താല്‍പ്പര്യപ്രകാരം തീരുമാനങ്ങള്‍ എടുക്കുന്നു എന്ന് ചിന്തിക്കുന്നതിന് പകരം, വിവാഹമോചനത്തെക്കുറിച്ചാണ് സമൂഹം ചര്‍ച്ച ചെയ്യുന്നത്' എന്ന് അവര്‍ ഒരു പോഡ്കാസ്റ്റില്‍ പ്രതികരിച്ചിരുന്നു.

നിലവില്‍ തന്റെ സ്വതന്ത്രമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് മിഷേല്‍ താല്‍പ്പര്യപ്പെടുന്നത് എന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.