പി പി ചെറിയാന്‍
ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കള്‍ച്ചറല്‍ അഫയേഴ്സ് (DCLA) കമ്മീഷണറായി ഇന്ത്യന്‍ വംശജയായ ദിയ വിജ് നിയമിതയായി. മേയര്‍ സൊഹ്റാന്‍ ക്വാമേ മാംദാനിയാണ് വെള്ളിയാഴ്ച ഈ പ്രഖ്യാപനം നടത്തിയത്. അമേരിക്കയിലെ ഏറ്റവും വലിയ മുനിസിപ്പല്‍ സാംസ്‌കാരിക ഫണ്ടിംഗ് ഏജന്‍സിയായ ഈ വകുപ്പിന്റെ നേതൃത്വത്തിലെത്തുന്ന ആദ്യത്തെ ദക്ഷിണേഷ്യന്‍ വംശജയാണ് 40-കാരിയായ ദിയ.
കലാകാരന്മാര്‍ക്ക് ന്യൂയോര്‍ക്ക് നഗരത്തില്‍ താങ്ങാനാവുന്ന ചെലവില്‍ താമസിക്കാനും സൃഷ്ടികള്‍ നടത്താനുമുള്ള സാഹചര്യം ഒരുക്കുക എന്നതാണ് തന്റെ പ്രധാന ദൗത്യമെന്ന് ദിയ വിജ് വ്യക്തമാക്കി. കലയെന്നത് ചുരുക്കം ചിലര്‍ക്കുള്ള ആഡംബരമല്ല, മറിച്ച് പൊതുസമൂഹത്തിനാകെ പ്രാപ്യമാകേണ്ട ഒന്നാണെന്ന് മേയര്‍ മാംദാനി പറഞ്ഞു.
മുമ്പ് ബില്‍ ഡി ബ്ലാസിയോ ഭരണകൂടത്തില്‍ സ്‌പെഷ്യല്‍ പ്രോജക്ട്‌സ് വിഭാഗത്തില്‍ ദിയ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ 'ക്രിയേറ്റീവ് ടൈം' എന്ന സംഘടനയില്‍ ക്യൂറേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മെട്രോ ട്രെയിനുകളിലെ അനൗണ്‍സ്മെന്റ് സിസ്റ്റം വഴി കല പ്രചരിപ്പിക്കുന്ന 'ഇഫ് യു ഹിയര്‍ സംതിങ്, ഫ്രീ സംതിങ്' തുടങ്ങിയ ശ്രദ്ധേയമായ പ്രോജക്റ്റുകളില്‍ അവര്‍ പങ്കാളിയായിട്ടുണ്ട്. ബ്രൂക്ലിനിലെ 'പവര്‍ഹൗസ് ആര്‍ട്സ്', ക്വീന്‍സ് മ്യൂസിയം എന്നിവിടങ്ങളിലും ദിയ നേതൃപരമായ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
കലാകാരന്മാര്‍ നഗരം വിട്ടുപോകുന്നത് തടയാനും സാംസ്‌കാരിക മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കാനും ദിയയുടെ നിയമനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.