കാനഡയിലെ ഒൻ്റാരിയോയിലുള്ള കിങ്സ്റ്റൺ ഹെൽത്ത് സയൻസസ് സെൻ്റർ ചരിത്രത്തിലെ ഏറ്റവും വലിയ ചികിത്സാ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. ആശുപത്രിയിൽ രോഗികളുടെ എണ്ണം റെക്കോർഡ് നിലയിലെത്തിയതോടെ ചികിത്സയ്ക്കായി സ്റ്റോറേജ് റൂമുകളും വരാന്തകളും ക്ലാസ് മുറികളും വരെ ഉപയോഗിക്കേണ്ടി വരുന്നതായാണ് വിവരം.
ബെഡുകളുടെ കുറവ് മൂലം രോഗികളെ ആശുപത്രിയിലെ ജിമ്മിൽ പോലും കിടത്തി ചികിത്സിക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. മതിയായ സ്വകാര്യതയില്ലാത്ത താൽക്കാലിക ഇടങ്ങളിലെ ചികിത്സ രോഗികൾക്കും വലിയ മാനസിക ബുദ്ധിമിട്ടുണ്ടാക്കുന്നുണ്ട്. ഹൃദയപരിശോധന കഴിഞ്ഞ ഒരു രോഗിക്ക് തിരക്കുള്ള വരാന്തയിൽ വിശ്രമിക്കേണ്ടി വന്നത് അദ്ദേഹത്തെ ഏറെ തളർത്തിയതായി കുടുംബം വെളിപ്പെടുത്തി.
രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവും ബെഡുകളുടെ കുറവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. വാർഡുകളിൽ ഇടമില്ലാത്തതിനാൽ എമർജൻസി വിഭാഗത്തിലും രോഗികൾ തിങ്ങിനിറയുകയാണ്. ഇത് പുതിയതായി എത്തുന്ന അത്യാഹിത കേസുകൾ കൈകാര്യം ചെയ്യുന്നത് പ്രയാസകരമാക്കുന്നു.
ആശുപത്രി വികസിപ്പിക്കുന്നതിനും രോഗികളെ മറ്റ് വാർഡുകളിലേക്ക് വേഗത്തിൽ മാറ്റുന്നതിനുമുള്ള ദീർഘകാല പദ്ധതികൾ ആലോചിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. എങ്കിലും, നിലവിലെ സാഹചര്യത്തിൽ അമിതമായ തിരക്ക് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന അവസ്ഥ തുടരുകയാണ്.