ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി പരാതി കാനഡയിൽ ഇക്വിഫാക്സിനെതിരെ നിയമനടപടി

By: 600110 On: Mar 7, 2026, 8:56 AM

 

കാനഡയിലെ പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഇക്വിഫാക്സിനെതിരെ ഭീമമായ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട്  ഹർജി ഫയൽ ചെയ്തു. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ വ്യക്തിഗത ക്രെഡിറ്റ് വിവരങ്ങൾ കൈമാറി എന്ന ഗുരുതരമായ ആരോപണമാണ് കമ്പനിക്കെതിരെ ഉയർന്നിരിക്കുന്നത്. 2026 ജനുവരിയിൽ സോളമൻ അബുദർഹം എന്ന വ്യക്തിയാണ് ക്യൂബെക് സുപ്പീരിയർ കോടതിയിൽ ഈ പരാതി നൽകിയത്.

 ക്രെഡിറ്റ് മോണിറ്ററിംഗ് പ്ലാറ്റ്‌ഫോമായ 'ബോറോവെൽ'  തൻ്റെ അനുവാദമില്ലാതെ ക്രെഡിറ്റ് ഫയലുകൾ പരിശോധിച്ചുവെന്ന് സോളമൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. താൻ ഒരിക്കലും ബോറോവെല്ലിൽ അക്കൗണ്ട് ആരംഭിക്കുകയോ തൻ്റെ വിവരങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുകയോ ചെയ്തിട്ടില്ല. തൻ്റെ പേരിൽ ആരോ നിർമ്മിച്ച വ്യാജ അക്കൗണ്ട് വഴി വ്യക്തിഗത വിവരങ്ങളും സാമ്പത്തിക രേഖകളും ചോർന്നതായും അദ്ദേഹം ആരോപിക്കുന്നു.

ബോറോവെല്ലിന് പുറമെ കോഹോ (KOHO), ക്രെഡിറ്റ് കർമ്മ, മോഗോ (Mogo) തുടങ്ങിയ പ്രമുഖ സാമ്പത്തിക പ്ലാറ്റ്‌ഫോമുകളുടെ പേരും ഹർജിയിൽ പരാമർശിക്കുന്നുണ്ട്. ഇക്വിഫാക്സിൻ്റെ സംവിധാനങ്ങൾ ഉപയോഗിക്കുന്ന ഈ പ്ലാറ്റ്‌ഫോമുകൾ വഴി 2024 മെയ് മുതൽ അനുമതിയില്ലാതെ വിവരങ്ങൾ ചോർത്തപ്പെട്ട കനേഡിയൻ പൗരന്മാർക്ക് ഈ നിയമനടപടിയുടെ ഭാഗമാകാൻ സാധിക്കും.

എന്നാൽ ഉപഭോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമായാണ് കൈകാര്യം ചെയ്യുന്നതെന്നും കോടതിയിലെ  പരാതിയെ ശക്തമായി നേരിടുമെന്നും ഇക്വിഫാക്സ് വ്യക്തമാക്കി. സാമ്പത്തിക നഷ്ടപരിഹാരത്തിന് പുറമെ മാനസിക വിഷമത്തിനുള്ള നഷ്ടപരിഹാരവും കമ്പനിക്കെതിരെ ശിക്ഷാനടപടികളും ഹർജിയിലൂടെ ആവശ്യപ്പെടുന്നുണ്ട്.