ലാലി ജോസഫ്
ഡാളസ്: നോര്‍ത്ത് ടെക്‌സസിലെ പ്രവാസി മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകനും 'മറുനാടന്‍ മലയാളി'യുടെ സ്ഥാപക എഡിറ്ററുമായ ഷാജന്‍ സ്‌കറിയയുമായി സംവദിക്കാനുള്ള അവസരമാണ് ഈ ചടങ്ങിലൂടെ ഒരുങ്ങുന്നത്.
2026 മാര്‍ച്ച് 8 ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 7 വരെ കെ.ഇ.എ ഇവന്റ് സെന്റര്‍ , 580 കാസില്‍ ഗ്ലെന്‍ ഡ്രൈവ്, ഗാര്‍ലന്‍ഡ് , ടെക്‌സസ് 75043 ഈ പരിപാടിക്ക് വേദിയാകും.
'ആഘോഷിക്കാം, ഒത്തുചേരാം' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടി കൂടിയാണിത്.
മലയാള മാധ്യമരംഗത്ത് ഡിജിറ്റല്‍ യുഗത്തിന് പുതിയ ദിശാബോധം നല്‍കിയ വ്യക്തികളില്‍ പ്രധാനിയാണ് ഷാജന്‍ സ്‌കറിയ. കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 'മറുനാടന്‍ മലയാളി'യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ് അദ്ദേഹം.
അധികാരികള്‍ക്കും പ്രമുഖര്‍ക്കും എതിരെയുള്ള അഴിമതികളും അനീതികളും പുറത്തുകൊണ്ടുവരുന്നതില്‍ അദ്ദേഹം ശ്രദ്ധേയനാണ്. പലപ്പോഴും വിവാദങ്ങളിലും നിയമപോരാട്ടങ്ങളിലും അദ്ദേഹം ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന ശൈലിയാണ് അദ്ദേഹം പിന്തുടരുന്നത്.
ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രവാസി മലയാളികള്‍ക്കിടയിലും നാട്ടിലെ ജനങ്ങള്‍ക്കിടയിലും വലിയ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
യുകെയിലെ മലയാളി സമൂഹത്തിനിടയില്‍ പ്രചാരമുള്ള 'ബ്രിട്ടീഷ് മലയാളി' എന്ന പോര്‍ട്ടലിന്റെ പിന്നിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുണ്ട്.
മാധ്യമപ്രവര്‍ത്തനം, സോഷ്യല്‍ മീഡിയയുടെ കരുത്ത്, സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങള്‍ എന്നിവയെക്കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ നേരിട്ട് അറിയാനുള്ള അപൂര്‍വ്വ അവസരമായിരിക്കും ഡാളസിലെ ഈ സംഗമം.
കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്:
സണ്ണി മാളിയേക്കല്‍: 214-940-3853
പി.പി ചെറിയാന്‍: 214-450-4107