കാനഡയിൽ ഖാലിസ്ഥാൻ വിമർശകയായ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു; ആസൂത്രിത കൊലപാതകമെന്ന് കുടുംബം

By: 600110 On: Mar 6, 2026, 9:10 AM

  

കാനഡയിലെ ഒൻ്റാരിയോയിൽ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഖലിസ്ഥാൻ പ്രസ്ഥാനത്തിൻ്റെ കടുത്ത വിമർശകയുമായ നാൻസി ഗ്രെവാൾ (45) കുത്തേറ്റ് മരിച്ചു. വിൻഡ്‌സറിലെ ലാസാലെയിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന നാൻസിയെ അജ്ഞാതൻ തുടർച്ചയായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നാൻസിയുടെ മരണം മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് ഇന്ത്യയിലുള്ള സഹോദരി അലീഷ ആരോപിച്ചു. ഖലിസ്ഥാൻ വിഘടനവാദികൾക്കെതിരെയും രാഷ്ട്രീയ-മത നേതാക്കൾക്കെതിരെയും നാൻസി തൻ്റെ യൂട്യൂബ് ചാനലിലൂടെ നിരന്തരം പ്രതികരിച്ചിരുന്നു. ഇതിലുള്ള പ്രതികാരമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് കുടുംബത്തിൻ്റെ സംശയം.  
സംഭവത്തിൽ ലാസാലെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഇതൊരു യാദൃശ്ചികമായ ആക്രമണമല്ലെന്നും നാൻസിയെ ലക്ഷ്യം വെച്ച് നടത്തിയ ആസൂത്രിത നീക്കമാണെന്നും ചീഫ് മൈക്കൽ പിയേഴ്സ് സ്ഥിരീകരിച്ചു. തനിക്ക് വധഭീഷണിയുണ്ടെന്ന് നാൻസി നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. ചില വ്യക്തികളുടെ പേരുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ അവർ അധികൃതർക്ക് കൈമാറിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.