കാനഡയിലെ സെനറ്റർമാർ ഭക്ഷണത്തിനും മദ്യത്തിനും വിനോദങ്ങൾക്കുമായി ലക്ഷക്കണക്കിന് രൂപയുടെ നികുതിപ്പണം ചിലവഴിച്ചതായി റിപ്പോർട്ട്

By: 600110 On: Mar 6, 2026, 7:55 AM

 

കാനഡയിലെ സെനറ്റർമാർ ഭക്ഷണത്തിനും മദ്യത്തിനും വിനോദങ്ങൾക്കുമായി ലക്ഷക്കണക്കിന് രൂപയുടെ നികുതിപ്പണം ചിലവഴിച്ചതായി വെളിപ്പെടുത്തൽ. കനേഡിയൻ ടാക്സ് പേയേഴ്സ് ഫെഡറേഷൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് സെനറ്റർമാരുടെ ആഡംബര ജീവിതത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.  കഴിഞ്ഞ വർഷം മാത്രം ആതിഥേയ മര്യാദകളുടെ പേരിൽ സെനറ്റർമാർ ചിലവഴിച്ചത് ഏകദേശം 1,16,100 ഡോളറാണ്. മുൻവർഷത്തെ അപേക്ഷിച്ച് ചിലവിൽ 67 ശതമാനത്തിൻ്റെ വർദ്ധനവാണുണ്ടായത്. മദ്യം, മുന്തിയ തരം ഭക്ഷണങ്ങൾ എന്നിവയ്ക്ക് പുറമെ ഡിസ്കോ നൈറ്റുകൾ, മിനി ഗോൾഫ്, എസ്കേപ്പ് റൂമുകൾ തുടങ്ങിയ വിനോദങ്ങൾക്കായും പൊതുപണം ഉപയോഗിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

 രാജ്യത്തെ നിയമനിർമ്മാണത്തിൽ നിർണ്ണായക പങ്കു വഹിക്കേണ്ടവരാണ് സെനറ്റർമാർ. എന്നാൽ മദ്യത്തിനും പാർട്ടികൾക്കുമായി ഇത്രയധികം പണം ചിലവഴിക്കുന്നവർക്ക് എങ്ങനെ അത് സാധിക്കുമെന്ന് നിരീക്ഷകർ ചോദിക്കുന്നു. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടാത്ത സെനറ്റർമാർ പൊതുപണം ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കനേഡിയൻ ടാക്സ് പേയേഴ്സ് ഫെഡറേഷൻ വ്യക്തമാക്കി.

തങ്ങളുടെ കഠിനാധ്വാനത്തിലൂടെ ലഭിക്കുന്ന നികുതിപ്പണം സെനറ്റർമാരുടെ വിനോദങ്ങൾക്കായി ഉപയോഗിക്കുന്നത് കനേഡിയൻ പൗരന്മാരെ ചൊടിപ്പിച്ചിട്ടുണ്ട്. സെനറ്റിൻ്റെ ചിലവുകൾക്ക് കർശനമായ നിയന്ത്രണങ്ങൾ വേണമെന്നും സുതാര്യത ഉറപ്പാക്കണമെന്നുമുള്ള ആവശ്യം ശക്തമാകുകയാണ്. ഈ വിവാദം കാനഡയിലെ ഉന്നത സഭയായ സെനറ്റിൻ്റെ വിശ്വാസ്യതയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.