പുതിയ പാസ്‌പോർട്ട് നയം പ്രഖ്യാപിച്ച് കനേഡിയൻ സർക്കാർ

By: 600110 On: Mar 6, 2026, 7:48 AM

പുതിയ പാസ്‌പോർട്ട് നയം പ്രഖ്യാപിച്ച് കനേഡിയൻ സർക്കാർ. 2026 ഏപ്രിൽ ഒന്ന് മുതൽ ഈ പരിഷ്കാരം നിലവിൽ വരും. നിശ്ചിത സമയത്തിനകം പാസ്‌പോർട്ട് ലഭിച്ചില്ലെങ്കിൽ അപേക്ഷാ ഫീസ് തിരികെ നൽകുന്ന 'മണി-ബാക്ക് ഗ്യാരണ്ടി' പദ്ധതിയാണ് ഇതിൽ പ്രധാനം.

പുതിയ നയത്തിലെ വ്യവസ്ഥകൾ അനുസരിച്ച് 30 പ്രവൃത്തിദിവസത്തിനുള്ളിൽ പാസ്‌പോർട്ട് നടപടികൾ പൂർത്തിയാക്കണം.  ഈ സമയപരിധി കഴിഞ്ഞാൽ അപേക്ഷകർക്ക് ഫീസ് തിരികെ ലഭിക്കും.   പണം തിരികെ ലഭിക്കാൻ പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല, അത് ഓട്ടോമാറ്റിക് ആയി ലഭിക്കും.  ഓൺലൈൻ വഴിയോ തപാൽ വഴിയോ നേരിട്ടോ നൽകുന്ന അപേക്ഷകൾക്ക് ഇത് ബാധകമാണ്. വിദേശത്തുനിന്ന് അപേക്ഷിക്കുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും. 
എന്നാൽ 'റഷ് സർവീസ്' ഫീസും, 25 ഡോളറിൻ്റെ കോൺസുലർ ഫീസും തിരികെ ലഭിക്കില്ല. സാധാരണ അപേക്ഷാ ഫീസ് മാത്രമാണ് റീഫണ്ട് ചെയ്യുന്നത്. 

2025 മാർച്ചിൽ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലാക്കാൻ വൈകിയിരുന്നു. പാസ്‌പോർട്ടിനായി ദീർഘകാലം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും, സർക്കാർ സേവനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം വീണ്ടെടുക്കാനുമാണ് ഈ നീക്കം. കൃത്യസമയത്ത് സേവനം ഉറപ്പാക്കുകയോ അല്ലെങ്കിൽ പണം തിരികെ നൽകുകയോ ചെയ്യുന്നതിലൂടെ കൂടുതൽ ഉത്തരവാദിത്തമുള്ള ഭരണം കാഴ്ചവെക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്.