ഹംബോൾട്ട് ബസ് ദുരന്തം: പ്രതിയെ നാടുകടത്താൻ നീക്കം സജീവം

By: 600110 On: Mar 5, 2026, 1:14 PM

 

2018-ൽ സസ്കാച്ചുവാനിൽ 16 പേരുടെ മരണത്തിനിടയാക്കിയ ഹംബോൾട്ട് ബ്രോങ്കോസ് ഹോക്കി ടീം ബസ് അപകടത്തിന് കാരണക്കാരനായ ട്രക്ക് ഡ്രൈവർ ജസ്കിരാത് സിംഗ് സിദ്ധുവിനെ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിലേക്ക് നാടുകടത്തിയേക്കും. എട്ട് വർഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം 2023-ൽ സിദ്ധുവിന് പരോൾ ലഭിച്ചിരുന്നുവെങ്കിലും, കുറ്റകൃത്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ഇമിഗ്രേഷൻ ബോർഡ് ഇദ്ദേഹത്തിൻ്റെ പെർമനൻ്റ് റസിഡൻ്റ് പദവി റദ്ദാക്കി. നിലവിൽ നാടുകടത്തുന്നതിന് മുന്നോടിയായുള്ള നടപടികൾ പൂർത്തിയാക്കാൻ കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി (CBSA) സിദ്ധുവിനോട് യാത്രാരേഖകൾ ആവശ്യപ്പെട്ടിരിക്കുകയാണ്.

അതേ സമയം കുടുംബം വിട്ടുപോകേണ്ടി വരുമെന്ന ആശങ്കയിൽ ആണ് സിദ്ധു.  നാടുകടത്തൽ നടപടി തൻ്റെ കുടുംബത്തെ തകർക്കുമെന്ന് സിദ്ധുവും ഭാര്യ തൻവീർ മാനും ആശങ്ക പ്രകടിപ്പിച്ചു. കനേഡിയൻ പൗരന്മാരായ തൻ്റെ രണ്ട് ചെറിയ മക്കളെയും ഭാര്യയെയും പിരിഞ്ഞ് പോകേണ്ടി വരുന്നത് വലിയ മാനസിക വിഷമമുണ്ടാക്കുന്നുവെന്ന് സിദ്ധു പറഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖമുള്ള സിദ്ധുവിൻ്റെ മകന് ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, അപകടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളിൽ ഒരു വിഭാഗം സിദ്ധുവിനെ എത്രയും വേഗം നാടുകടത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. നിയമപരമായ എല്ലാ വഴികളും ഉപയോഗിച്ച് കാനഡയിൽ തുടരാൻ പോരാടുമെന്ന് സിദ്ധു വ്യക്തമാക്കി.