ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ടതിന് പിന്നാലെ നേതൃസ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടുന്ന അലി ലാറിജാനിക്ക് കാനഡയുമായി ശക്തമായ കുടുംബബന്ധങ്ങളുണ്ടെന്ന് വെളിപ്പെടുത്തൽ. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ ലാറിജാനിയുടെ സഹോദരങ്ങൾക്കും മക്കൾക്കും കാനഡയിൽ സ്ഥിരതാമസവും ബിസിനസ്സ് താൽപ്പര്യങ്ങളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ .
ജനുവരിയിൽ ഇറാനിൽ നടന്ന സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനും ആയിരക്കണക്കിന് സാധാരണക്കാരുടെ കൂട്ടക്കൊലയ്ക്കും നേതൃത്വം നൽകിയ വ്യക്തിയാണ് ഇദ്ദേഹമെന്നിരിക്കെ, ഈ കനേഡിയൻ ബന്ധം പ്രവാസി സമൂഹത്തിനിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിദേശ രാജ്യങ്ങളെ സുരക്ഷിത താവളമാക്കുന്ന ഇറാൻ ഭരണകൂട പ്രതിനിധികൾ അലി ലാറിജാനിയുടെ സഹോദരൻ ഫാസൽ ലാറിജാനി ഓട്ടവയിലെ ഇറാൻ എംബസിയിൽ ഉദ്യോഗസ്ഥനായിരുന്നതായും ടൊറന്റോയിൽ ഇവർക്ക് ആസ്തികളുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കൂടാതെ, ലാറിജാനിയുടെ മറ്റൊരു സഹോദരന് കാനഡയിൽ സ്ഥിരതാമസ അനുമതി (PR) ലഭിച്ചിരുന്നതായും അദ്ദേഹത്തിന്റെ മകൻ നിലവിൽ കനേഡിയൻ പൗരനാണെന്നും പറയപ്പെടുന്നു. ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ തങ്ങളുടെ കുടുംബാംഗങ്ങളെ കാനഡ പോലുള്ള രാജ്യങ്ങളിൽ സുരക്ഷിതമായി താമസിപ്പിക്കുന്നത് കാനഡയിലെ ഇറാൻ പ്രവാസി സമൂഹം നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നിലവിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള ലാറിജാനി, പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇറാന്റെ ഭരണം പിടിച്ചെടുക്കാൻ സാധ്യതയുള്ള പ്രമുഖരിൽ ഒരാളാണ്.