ഫ്ലോർ ക്രോസിംഗ്: എംപിമാർ വീണ്ടും ജനവിധി തേടണമെന്ന് ഭൂരിഭാഗം കാനഡക്കാരും

By: 600110 On: Mar 5, 2026, 12:40 PM

 

പാർട്ടി മാറിപ്പോകുന്ന പാർലമെൻ്റ് അംഗങ്ങൾ തൽക്ഷണം രാജിവെച്ച് ഉപതിരഞ്ഞെടുപ്പിനെ നേരിടണമെന്ന് ഭൂരിഭാഗം കാനഡക്കാരും ആഗ്രഹിക്കുന്നതായി പുതിയ ഇപ്സോസ് (Ipsos) സർവ്വേ റിപ്പോർട്ട് . തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ശേഷം മറ്റൊരു പാർട്ടിയിലേക്ക് ചേക്കേറുന്നത് വോട്ടർമാരോടുള്ള വഞ്ചനയാണെന്നാണ് 62 ശതമാനം ആളുകളുടെയും അഭിപ്രായം. ഇത്തരം സാഹചര്യങ്ങളിൽ അതത് മണ്ഡലങ്ങളിൽ ഉടൻ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് സർവ്വേയിൽ പങ്കെടുത്ത 70 ശതമാനം പേരും അഭിപ്രായപ്പെട്ടു.

അടുത്തിടെ മൂന്ന് കൺസർവേറ്റീവ് എംപിമാർ ലിബറൽ പാർട്ടിയിൽ ചേർന്ന പശ്ചാത്തലത്തിലാണ് ഈ സർവ്വേ ഫലം പുറത്തുവന്നിരിക്കുന്നത്. അതേ സമയം പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ജനപിന്തുണ വർധിക്കുന്നതായാണ് റിപ്പോർട്ട്. എംപിമാരുടെ പാർട്ടി മാറ്റത്തിൽ ജനങ്ങൾ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ഇത് പ്രധാനമന്ത്രി മാർക്ക് കാർണിയുടെയോ അദ്ദേഹത്തിൻ്റെ ലിബറൽ സർക്കാരിൻ്റെയോ ജനപ്രീതിയെ ബാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ലിബറൽ പാർട്ടിയുടെ പിന്തുണ 44 ശതമാനമായി ഉയരുകയും കൺസർവേറ്റീവ് പാർട്ടിയുമായുള്ള ലീഡ് എട്ട് പോയിൻ്റായി വർധിക്കുകയും ചെയ്തതായും സർവ്വെ റിപ്പോർട്ടിൽ പറയുന്നു.