ഇറാന്റെ കാര്യത്തില്‍ ട്രംപിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്താനുള്ള നീക്കം യുഎസ് സെനറ്റ് തള്ളി

By: 600002 On: Mar 5, 2026, 8:56 AM


 

 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: ഇറാനെതിരെയുള്ള സൈനിക നടപടികളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള ഡെമോക്രാറ്റുകളുടെ ശ്രമം അമേരിക്കന്‍ സെനറ്റ് പരാജയപ്പെടുത്തി. ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ 47-നെതിരെ 53 വോട്ടുകള്‍ക്കാണ് പ്രമേയം തള്ളിയത്.

മിക്ക ഡെമോക്രാറ്റുകളും പ്രമേയത്തെ അനുകൂലിച്ചപ്പോള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും ട്രംപിനെ പിന്തുണച്ചു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോള്‍ മാത്രമാണ് ഡെമോക്രാറ്റുകള്‍ക്കൊപ്പം വോട്ട് ചെയ്തത്.

യുഎസ് സുരക്ഷയ്ക്ക് ഭീഷണിയുള്ളതിനാല്‍ ട്രംപിന്റെ നടപടികള്‍ ന്യായമാണെന്ന് റിപ്പബ്ലിക്കന്‍ നേതാക്കള്‍ വാദിച്ചു. എന്നാല്‍, കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടങ്ങാന്‍ പ്രസിഡന്റിന് അധികാരമില്ലെന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്. സെനറ്റില്‍ പരാജയപ്പെട്ടെങ്കിലും, ഇറാന്റെ കാര്യത്തില്‍ റിപ്പബ്ലിക്കന്‍ നിലപാട് വ്യക്തമാക്കാന്‍ മറ്റ് നിയമനിര്‍മ്മാണ മാര്‍ഗങ്ങള്‍ തേടാനാണ് ഡെമോക്രാറ്റുകളുടെ തീരുമാനം.

മിഡില്‍ ഈസ്റ്റിലെ ട്രംപിന്റെ സൈനിക ഇടപെടലുകളെ തടയാന്‍ കോണ്‍ഗ്രസ് നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങള്‍ പരാജയപ്പെടുന്നത് ഇതാദ്യമല്ല.