പി പി ചെറിയാന്‍
അര്‍ക്കന്‍സാസ്: സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്നയാളെ വെടിവെച്ചു കൊന്ന കേസില്‍ പ്രതിയായ ആരോണ്‍ സ്‌പെന്‍സര്‍ യുഎസിലെ അര്‍ക്കന്‍സാസില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ വിജയിച്ചു. ലോനോക്ക് കൗണ്ടിയിലെ (Lonoke County) ഷെരീഫ് സ്ഥാനത്തേക്കുള്ള മത്സരത്തിലാണ് നിലവിലെ ഷെരീഫിനെ തോല്‍പ്പിച്ച് സ്‌പെന്‍സര്‍ ജനപിന്തുണ നേടിയത്.
2024 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ നിന്ന് കാണാതായ തന്റെ കൗമാരക്കാരിയായ മകളെ മൈക്കല്‍ ഫോസ്ലര്‍ (67) എന്നയാളുടെ ട്രക്കിനുള്ളില്‍ സ്‌പെന്‍സര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ സ്‌പെന്‍സര്‍ ഫോസ്ലറെ വെടിവെച്ചു കൊന്നു.
മരിച്ച ഫോസ്ലര്‍ സ്‌പെന്‍സറുടെ മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്നു. ഇയാള്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് സ്‌പെന്‍സറുടെ മകളെ വീണ്ടും കാണാതായത്. 53 ശതമാനത്തിലധികം വോട്ട് നേടിയാണ് സ്‌പെന്‍സര്‍ വിജയിച്ചത്. 'നീതിക്കുവേണ്ടിയുള്ള എന്റെ പോരാട്ടത്തിനിടയില്‍ നിയമസംവിധാനത്തിലെ വീഴ്ചകള്‍ ഞാന്‍ നേരിട്ട് കണ്ടു,' എന്ന് അദ്ദേഹം പ്രതികരിച്ചു.
നിലവില്‍ രണ്ടാം ഡിഗ്രി കൊലപാതക കുറ്റം ചുമത്തപ്പെട്ട സ്‌പെന്‍സര്‍ ജാമ്യത്തിലാണ്. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ചാലും, കോടതി കുറ്റക്കാരനാണെന്ന് വിധിച്ചാല്‍ അദ്ദേഹത്തിന് ഷെരീഫ് പദവിയില്‍ തുടരാനാകില്ല.