വിദ്യാഭ്യാസ വസ്തു നികുതിയിലെ വൻ വർദ്ധന, അടിയന്തര യോഗം ചേർന്ന് കാൽഗറി സിറ്റി കൗൺസിൽ

By: 600110 On: Mar 5, 2026, 5:43 AM

 

ആൽബർട്ട സർക്കാരിന്റെ പുതിയ ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കാൽഗറി സിറ്റി കൗൺസിൽ  അടിയന്തര യോഗം ചേർന്നു. വിദ്യാഭ്യാസ വസ്തുനികുതിയിൽ  വരുത്തിയ വൻ വർദ്ധനവായിരുന്നു പ്രധാന ചർച്ചാവിഷയം.

പുതിയ മാറ്റമനുസരിച്ച് കാൽഗറിയിലെ ഓരോ വീട്ടുടമസ്ഥനും പ്രതിവർഷം ഏകദേശം $350 അധികം നികുതി നൽകേണ്ടി വരും. നഗരത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നികുതി വർദ്ധനവാണിതെന്ന് മേയർ ജെറോമി ഫാർക്കസ് പറഞ്ഞു. മുൻപ് കൗൺസിലിന് മാത്രം ലഭ്യമായിരുന്ന ഈ വിവരങ്ങൾ സുതാര്യത ഉറപ്പാക്കാനായി പൊതുജനങ്ങൾക്കും ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആൽബർട്ടയിലാകെ ഏകദേശം 500 ദശലക്ഷം ഡോളറിൻ്റെ വർദ്ധനവാണ് നികുതിയിൽ ഉണ്ടായിരിക്കുന്നത്. കാൽഗറിയുടെ നികുതി വിഹിതത്തിൽ 20% വർദ്ധനവ് ഉണ്ടായപ്പോൾ എഡ്‌മൻ്റണിൽ ഇത് വെറും 11% മാത്രമാണ്. എഡ്‌മന്റണിലെ വീട്ടുടമസ്ഥർക്ക് ഏകദേശം $150 മാത്രമാണ് അധികം നൽകേണ്ടി വരുന്നത്. എന്തുകൊണ്ടാണ് കാൽഗറിക്ക് മാത്രം ഇത്ര വലിയ ഭാരം വരുന്നത് എന്ന് മേയർ ചോദ്യം ഉന്നയിച്ചു.

ചെസ്റ്റർമിയർ (31%), ഗ്രാൻഡെ പ്രെയറി (7%) എന്നിങ്ങനെ ഓരോ സ്ഥലത്തും വർദ്ധനവ് വ്യത്യസ്തമാണ്. ഓരോരുത്തരുടെയും നികുതി വിവരങ്ങൾ പരിശോധിക്കാൻ നഗരസഭയുടെ വെബ്സൈറ്റിലെ ടാക്സ് കാൽക്കുലേറ്റർ ഉപയോഗിക്കാം. നികുതി വർദ്ധനവിന് പുറമെ, പോലീസ് ഗ്രാൻ്റിൽ 3.1 ദശലക്ഷം ഡോളറിന്റെ കുറവ് വരുത്തുകയും ഗതാഗതം, മാനസികാരോഗ്യം തുടങ്ങിയ മേഖലകളിൽ നഗരം ആവശ്യപ്പെട്ട ഫണ്ട് അനുവദിക്കാതിരിക്കുകയും ചെയ്തതിൽ കൗൺസിൽ പ്രതിഷേധം രേഖപ്പെടുത്തി. പ്രവിശ്യാ സർക്കാരിൻ്റെ ഈ തീരുമാനത്തോട് എങ്ങനെ പ്രതികരിക്കണം എന്നറിയാൻ ഒരു ഹിതപരിശോധന  നടത്തണമെന്നും മേയർ നിർദ്ദേശിച്ചു.