ലോകം യുദ്ധഭീതിയില്‍; സമാധാന സന്ദേശവുമായി മാര്‍ത്തോമാ മെത്രോപ്പോലീത്ത 

By: 600002 On: Mar 4, 2026, 8:40 AM



 

പി പി ചെറിയാന്‍


ന്യൂയോര്‍ക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങള്‍, നിയന്ത്രണങ്ങള്‍ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ക്ക് ആശ്വാസവും സമാധാനവും പകര്‍ന്ന് മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ അധ്യക്ഷന്‍ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമാ മെത്രോപ്പോലീത്ത കല്‍പ്പന പുറപ്പെടുവിച്ചു.

മനുഷ്യജീവന്റെ നഷ്ടത്തിലും ലോകത്തെ വിവിധയിടങ്ങളിലുണ്ടായ സ്ഥാനഭ്രംശങ്ങളിലും മെട്രോപ്പൊലീറ്റന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഭയത്തിന് പകരം ദൈവത്തിലുള്ള വിശ്വാസത്തിലും സമാധാനത്തിലും ഉറച്ചുനില്‍ക്കാന്‍ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.

ലോകത്തെ അശാന്തിയില്‍ നിന്നും സമാധാനത്തിലേക്ക് നയിക്കാന്‍ വിശ്വാസികള്‍ നിരന്തരം മധ്യസ്ഥ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെടണം. ഭവനങ്ങള്‍ പ്രത്യാശയുടെ കേന്ദ്രങ്ങളും പള്ളികള്‍ സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാ ഇടങ്ങളുമായി മാറണം.

വിവിധ രാജ്യങ്ങളില്‍ വസിക്കുന്നവര്‍ അവിടുത്തെ ഭരണകൂടങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗരേഖകളും കര്‍ശനമായി പാലിക്കണം. അനാവശ്യ യാത്രകള്‍ ഒഴിവാക്കി സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണം.

ദുരിതം അനുഭവിക്കുന്നവര്‍ക്കും അശരണര്‍ക്കും സഹായമെത്തിക്കാനും പരസ്പരം താങ്ങാവാനും സഭാംഗങ്ങള്‍ സന്നദ്ധരാകണമെന്നും യുദ്ധത്തിന് പകരം അനുരഞ്ജനത്തിന്റെ പാത തിരഞ്ഞെടുക്കാന്‍ ലോകനേതാക്കള്‍ക്ക് വിവേകം ലഭിക്കാനായി സഭ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും തിരുമേനി ഓര്‍മിപ്പിച്ചു.

ഭൗതികമായ അകലമുണ്ടെങ്കിലും സഭ എപ്പോഴും വിശ്വാസികളോടൊപ്പം സമാധാനത്തിന്റെ പക്ഷത്തുണ്ടെന്നും സഭാംഗങ്ങളെല്ലാവരും പ്രാര്‍ത്ഥനയില്‍ ഒന്നാണെന്നും മെത്രോപ്പോലീത്ത ഓര്‍മ്മിപ്പിച്ചു.