കാൽഗറിയിലെ റണ്ടിൽ കമ്മ്യൂണിറ്റിയിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ച് രണ്ട് പേർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 1:30 ഓടെ റണ്ടിൽകെയൺ വേയിലെ (Rundlecairn Way) ഒരു വീടിന് പിന്നിലെ ഗാരേജിലാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാരാമെഡിക്സ് സംഘം ഗാരേജിന് പുറത്തുവെച്ച് ഇരുവർക്കും സി.പി.ആർ നൽകിയെങ്കിലും ഒരാൾ സംഭവസ്ഥലത്ത് വെച്ചും രണ്ടാമത്തെയാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയും മരണപ്പെടുകയായിരുന്നു. മരണപ്പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
അപകടസ്ഥലത്തെ ഗാരേജിൽ കാർബൺ മോണോക്സൈഡിൻ്റെ അളവ് 300 പി.പി.എം ആയിരുന്നെന്ന് കാല്ഗറി ഫയർ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. സാധാരണഗതിയിൽ 50 പി.പി.എം എത്തുമ്പോൾ തന്നെ പ്രദേശം ഒഴിപ്പിക്കാറുള്ള സ്ഥാനത്താണിത്. ഗാരേജിനുള്ളിൽ കാർ എൻജിൻ പ്രവർത്തിപ്പിച്ചതാകാം വാതക ചോർച്ചയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അടഞ്ഞ മുറികളിലും ഗാരേജുകളിലും വാഹനങ്ങൾ ദീർഘനേരം സ്റ്റാർട്ട് ചെയ്തിടുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.