ആൽബർട്ടയിൽ ഇൻഫ്ലുവൻസ (Flu) ബാധിച്ചുള്ള മരണസംഖ്യ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഈ സീസണിൽ ഇതുവരെ 250 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2009-ൽ കണക്കുകൾ പരസ്യമായി രേഖപ്പെടുത്താൻ തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.
മുതിർന്ന പൗരന്മാർക്കിടയിലാണ് മരണം കൂടുതലായി കണ്ടുവരുന്നതെങ്കിലും, 20-നും 49-നും ഇടയിൽ പ്രായമുള്ള പന്ത്രണ്ട് പേർ ഈ വർഷം രോഗബാധയെത്തുടർന്ന് മരിച്ചുവെന്നത് ആരോഗ്യവിദഗ്ധരെ ആശങ്കപ്പെടുത്തുന്നു. സാധാരണ പനി എന്ന് കരുതി ആശുപത്രിയിൽ എത്തുന്ന യുവാക്കൾ പോലും മണിക്കൂറുകൾക്കുള്ളിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റപ്പെടേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
രോഗവ്യാപനം ശക്തമാകുമ്പോഴും പ്രവിശ്യയിൽ വാക്സിൻ സ്വീകരിക്കുന്നവരുടെ നിരക്ക് 20 ശതമാനമായി കുറഞ്ഞത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. 2010-11 കാലഘട്ടത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വാക്സിനേഷൻ നിരക്കാണിത്. കോവിഡ് മഹാമാരിക്ക് ശേഷം ജനങ്ങൾക്ക് വാക്സിനുകളിലുള്ള വിശ്വാസം കുറഞ്ഞതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പൊതുജനവിശ്വാസം വീണ്ടെടുക്കുന്നതിനും വാക്സിനേഷൻ വിപുലീകരിക്കുന്നതിനുമായി 2026-ലെ ബജറ്റിൽ 140 ദശലക്ഷം ഡോളർ ആൽബർട്ട സർക്കാർ വകയിരുത്തിയിട്ടുണ്ട്. വരും വർഷങ്ങളിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും ബോധവൽക്കരണ പരിപാടികൾ ഊർജിതമാക്കാനുമാണ് ഈ തുക വിനിയോഗിക്കുക