ആൽബർട്ടയിലെ വാഹന ഉടമകൾക്ക് 2026-ൽ ഇൻഷുറൻസ് ചെലവ് വർദ്ധിക്കാൻ സാധ്യത. പ്രവിശ്യയിലെ 'ഗുഡ് ഡ്രൈവർ' പദവി ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തിയതാണ് ഇതിന് കാരണം. സുരക്ഷിതമായി വാഹനമോടിക്കുന്നവർക്ക് ഇൻഷുറൻസ് പ്രീമിയം വർദ്ധനവ് വർഷത്തിൽ 7.5 ശതമാനമായി പരിമിതപ്പെടുത്തുന്നതാണ് ഈ പദ്ധതി.
നേരത്തെ ചെറിയ ട്രാഫിക് നിയമലംഘനങ്ങൾ ഉള്ളവർക്കും ഈ ആനുകൂല്യം ലഭിച്ചിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ചെറിയൊരു സ്പീഡിംഗ് ടിക്കറ്റ് ലഭിച്ചാൽ പോലും ഡ്രൈവർമാർക്ക് ഈ ഇളവ് നഷ്ടമാകും. കൂടാതെ, കഴിഞ്ഞ ആറ് വർഷത്തിനിടെ ഡ്രൈവറുടെ പിഴവ് മൂലമുള്ള അപകടങ്ങൾ ഒന്നും തന്നെ ഉണ്ടായിരിക്കാൻ പാടില്ല. കഴിഞ്ഞ നാല് വർഷത്തിനിടെ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ട്രാഫിക് നിയമലംഘനങ്ങളോ, മൂന്ന് വർഷത്തിനിടെ വലിയ തോതിലുള്ള നിയമലംഘനങ്ങളോ ഉണ്ടാകാത്തവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.
നിലവിൽ 2026 വർഷത്തേക്ക് മാത്രമാണ് ഈ പരിധി നിശ്ചയിച്ചിരിക്കുന്നത്. പദ്ധതിയുടെ കാലാവധി കഴിയുമ്പോൾ ഇത് തുടരണമോ എന്ന കാര്യത്തിൽ സർക്കാർ പുനഃപരിശോധന നടത്തും. സുരക്ഷിതമായി വാഹനമോടിക്കുന്നവരെ സംരക്ഷിക്കാനാണ് ഈ മാറ്റമെന്ന് ധനമന്ത്രി നേറ്റ് ഹോർനർ പറഞ്ഞു. ജനങ്ങൾ അർഹിക്കുന്ന നീതിയുക്തമായ ഇൻഷുറൻസ് സംവിധാനമാണിതെന്നും, കൂടുതൽ സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ വളർത്താൻ ഈ കർശന നിയന്ത്രണങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഷുറൻസ് ഇളവുകൾക്ക് അർഹരാണോ എന്ന് ഡ്രൈവർമാർക്ക് തന്നെ പരിശോധിക്കാവുന്നതാണ്.