നഗരത്തിലെ തകരാറിലായ ജലവിതരണ ശൃംഖലയുടെ അറ്റകുറ്റപ്പണികൾക്കായി വൻതുക വേണ്ടിവരുന്ന സാഹചര്യത്തിൽ കാൽഗറി നിവാസികൾക്ക് വാട്ടർ ബില്ലുകളിൽ വർദ്ധനവ് ഉണ്ടായേക്കും. വിവിധ ജലപദ്ധതികൾക്കായി 609.5 മില്യൺ ഡോളർ അടിയന്തരമായി ആവശ്യമാണെന്നാണ് പുതിയ സിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നത്.
നഗരത്തിലെ ജലവിതരണത്തിൽ നിർണ്ണായകമായ 'ബിയർസ്‌പാവ് സൗത്ത് ഫീഡർ മെയിൻ' പൈപ്പ് ലൈനിൻ്റെ നവീകരണമാണ് ഇതിൽ പ്രധാനം. അടിസ്ഥാന സൗകര്യങ്ങൾ പഴക്കമേറിയത് ജലവിതരണത്തിന് വലിയ ഭീഷണിയാകുന്നുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ തുക കണ്ടെത്തണമെങ്കിൽ താമസക്കാരുടെ വാട്ടർ ബില്ലുകളിൽ വർദ്ധനവ് അനിവാര്യമാണെന്നാണ് നഗരസഭാ അധികൃതരുടെ നിലപാട്.
ഇപ്പോൾ ചെറിയ തോതിലുള്ള നിക്ഷേപം നടത്തുന്നത് ഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് മേയർ ജെറോമി ഫർകാസ് പറഞ്ഞു. മുൻപ് നഗരത്തിൽ ജലനിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്ന സാഹചര്യം ആവർത്തിക്കാതിരിക്കാനാണ് ഈ മുൻകരുതലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ബില്ലുകൾ വർദ്ധിക്കുന്നത് സാധാരണ കുടുംബങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ചില കൗൺസിലർമാർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം നവീകരണ പ്രവർത്തനങ്ങൾ ഇനി ഒട്ടും വൈകിപ്പിക്കാനാവില്ലെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു.
സിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഈ റിപ്പോർട്ട് അവലോകനം ചെയ്തു കഴിഞ്ഞു. വരാനിരിക്കുന്ന ബജറ്റ് ചർച്ചകളിലായിരിക്കും വാട്ടർ ബിൽ വർദ്ധനവിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക. നഗരത്തിലെ ജലവിതരണ ശൃംഖല പൂർണ്ണമായും പ്രവർത്തനക്ഷമമാക്കാൻ ഏതാനും വർഷങ്ങൾ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.