അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി വൻകിട സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് കനേഡിയൻ സർക്കാർ

By: 600110 On: Mar 4, 2026, 5:22 AM

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി വൻകിട സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് കനേഡിയൻ സർക്കാർ. ടൊറൻ്റോ സർവ്വകലാശാല വഴി 100 മില്യൺ ഡോളർ വരെയുള്ള സ്കോളർഷിപ്പുകളാണ് പദ്ധതിയുടെ ഭാഗമായി നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.

പദ്ധതിയുടെ ഭാഗമായി 300 ഇന്ത്യൻ ഗവേഷകർക്ക് ഫണ്ടിംഗ് ലഭിക്കും. ഇതിൽ 200 പേർക്ക് ടൊറൻ്റോ സർവ്വകലാശാലയിൽ പൂർണ്ണമായും സൗജന്യമായി പഠിക്കാനുള്ള അവസരമുണ്ടാകും.കനേഡിയൻ വിദ്യാർത്ഥികൾക്കും ഇന്ത്യയിൽ പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കും. ഇതിനായി ഇരുരാജ്യങ്ങളിലെയും സർവ്വകലാശാലകൾ തമ്മിൽ 13 പുതിയ പങ്കാളിത്ത കരാറുകളിൽ ഒപ്പിടും. ഡൽഹൗസി സർവ്വകലാശാല തിരുപ്പതിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകളുമായി ചേർന്ന് പുതിയ ഇന്നൊവേഷൻ ക്യാമ്പസ് ആരംഭിക്കും. കൂടാതെ, ടൊറൻ്റോ, മക്ഗിൽ സർവ്വകലാശാലകൾ ഇന്ത്യയിൽ 'സെൻ്റർ ഓഫ് എക്സലൻസ്' സ്ഥാപിക്കാനും ധാരണയായി.  ഇന്ത്യയിൽ ഗവേഷണം നടത്തുന്ന കനേഡിയൻ വിദ്യാർത്ഥികൾക്കായി 10 മില്യൺ ഡോളറിൻ്റെ പ്രത്യേക ധനസഹായവും കാനഡ പ്രഖ്യാപിച്ചിട്ടുണ്ട്.

ഊർജ്ജം, സാങ്കേതികവിദ്യ, പ്രതിഭ എന്നീ മേഖലകളിൽ ഊന്നിയുള്ള പുതിയൊരു പങ്കാളിത്തത്തിനാണ് ഇരുരാജ്യങ്ങളും തുടക്കമിട്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുമായി ചേർന്ന് ശക്തമായൊരു ഭാവി കെട്ടിപ്പടുക്കാനാണ് കാനഡ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. വിദ്യാഭ്യാസ-ഗവേഷണ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം, 2030-ഓടെ ഉഭയകക്ഷി വ്യാപാരം പ്രതിവർഷം 70 ബില്യൺ ഡോളറായി ഉയർത്താനും ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നു.