കാനഡയിലെ ബാങ്ക് ഇടപാടുകാർക്ക് ആശ്വാസമായി അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാത്ത സാഹചര്യത്തിൽ ഈടാക്കുന്ന 'നോൺ-സഫിഷ്യൻ്റ് ഫണ്ട്സ്' (NSF) ഫീസുകൾക്ക് ഫെഡറൽ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തി. മാർച്ച് 12 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, ചെക്കുകളോ പ്രീ-ഓതറൈസ്ഡ് ഡെബിറ്റ് പേയ്‌മെൻ്റുകളോ പണമില്ലാത്തതിനാൽ മടങ്ങുമ്പോൾ ഈടാക്കാവുന്ന പരമാവധി തുക 10 ഡോളറായി നിജപ്പെടുത്തി. നിലവിൽ കാനഡയിലെ ബാങ്കുകൾ 45 മുതൽ 48 ഡോളർ വരെയാണ് ഇത്തരത്തിൽ ഈടാക്കുന്നത്. കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കും സ്വദേശികൾക്കും കടക്കെണി ഒഴിവാക്കാൻ ഈ നീക്കം സഹായകരമാകുമെന്ന് സർക്കാർ അറിയിച്ചു.
പുതിയ പരിഷ്കാരം അനുസരിച്ച്, രണ്ട് പ്രവൃത്തിദിവസത്തിനുള്ളിൽ ഒരു അക്കൗണ്ടിൽ നിന്ന് ഒരു തവണ മാത്രമേ എൻ.എസ്.എഫ് ഫീ ഈടാക്കാൻ അനുവാദമുള്ളൂ. കൂടാതെ, അക്കൗണ്ടിലെ കുറവ് 10 ഡോളറിൽ താഴെയാണെങ്കിൽ ബാങ്കുകൾ പിഴ ഈടാക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. ചെറിയ പിഴവുകൾക്കോ കണക്കുകൂട്ടലിലെ മാറ്റങ്ങൾക്കോ സാധാരണക്കാർ വലിയ തുക പിഴ നൽകേണ്ടി വരുന്നത് തടയാനാണ് ഈ നടപടി. ഈ പുതിയ നിയന്ത്രണത്തിലൂടെ കാനഡയിലെ ജനങ്ങൾക്ക് വർഷം തോറും ഏകദേശം 60 കോടി ഡോളറിൻ്റെ ലാഭമുണ്ടാകുമെന്നാണ് ക്രെഡിറ്റ് കൗൺസിലിംഗ് സൊസൈറ്റി വിലയിരുത്തുന്നത്.