പി പി ചെറിയാന്‍
ഓസ്റ്റിന്‍ (ടെക്‌സസ്): അമേരിക്കയിലെ ഓസ്റ്റിനില്‍ കഴിഞ്ഞ ഞായറാഴ്ച ബാറിന് പുറത്തുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മൂന്ന് പേരെ അധികൃതര്‍ തിരിച്ചറിഞ്ഞു. റൈഡര്‍ ഹാരിംഗ്ടണ്‍ (19), സവിത ഷാന്‍ (21), ജോര്‍ജ് പെഡേഴ്‌സണ്‍ (30) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട സവിത ഷാന്‍ ഇന്ത്യന്‍ വംശജയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ടെക്‌സസ് സര്‍വകലാശാലയ്ക്ക് സമീപമുള്ള 'ബഫോര്‍ഡ്‌സ്' എന്ന പ്രശസ്തമായ ബാറിന് പുറത്ത് ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. സെനഗലില്‍ നിന്നുള്ള യുഎസ് പൗരനായ എന്‍ഡിയാഗ ഡിയാഗ്‌നെ (53) എന്നയാളാണ് വെടിയുതിര്‍ത്തത്. ഇയാളെ പോലീസ് വെടിവച്ചു കൊന്നു.
അക്രമിയുടെ പക്കല്‍ നിന്നും വാഹനത്തില്‍ നിന്നും ഖുറാനും 'പ്രോപ്പര്‍ട്ടി ഓഫ് അള്ളാ' എന്ന് എഴുതിയ വസ്ത്രങ്ങളും കണ്ടെടുത്തു. അന്താരാഷ്ട്ര തലത്തില്‍ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഈ ആക്രമണത്തിന് ഭീകരവാദവുമായി ബന്ധമുണ്ടോ എന്ന് എഫ്.ബി.ഐ (എആക) അന്വേഷിക്കുന്നുണ്ട്.
പരിക്കേറ്റവര്‍: വെടിവയ്പ്പില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൊല്ലപ്പെട്ട സവിത ഷാന്‍ ടെക്‌സസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ്. സംഭവത്തെത്തുടര്‍ന്ന് സര്‍വകലാശാലാ പരിസരത്തും നഗരത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.