ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിട്ട് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സന്ദർശനം. വർഷങ്ങളായി നിലനിന്നിരുന്ന അസ്വാരസ്യങ്ങൾക്ക് വിരാമമിട്ട്, ഊർജ്ജ-വ്യാപാര മേഖലകളിൽ 5.5 ബില്യൺ ഡോളറിലധികം മൂല്യമുള്ള പത്തോളം സുപ്രധാന കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
2.6 ബില്യൺ ഡോളറിൻ്റെ വമ്പൻ യുറേനിയം കരാറാണ് സന്ദർശനത്തിലെ പ്രധാന ആകർഷണം. ഇതനുസരിച്ച് സസ്കാറ്റൂൺ ആസ്ഥാനമായുള്ള 'കാമെകോ' കമ്പനി ഇന്ത്യയുടെ ആണവോർജ്ജ നിലയങ്ങൾക്കായി 22 ദശലക്ഷം പൗണ്ട് യുറേനിയം വിതരണം ചെയ്യും. ചെറുകിട മോഡുലാർ ന്യൂക്ലിയർ റിയാക്ടറുകളുടെ നിർമ്മാണത്തിൽ ഇരുരാജ്യങ്ങളും കൈകോർക്കും. കൂടാതെ നിർണ്ണായക ധാതുക്കളുടെ വിതരണത്തിലും പുതിയ കരാറുകളായി.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിന് ഈ വർഷം അവസാനത്തോടെ അന്തിമരൂപം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാർക്ക് കാർണിയും തമ്മിലുള്ള ചർച്ചയിൽ തീരുമാനമായി. ഇന്ത്യൻ-കനേഡിയൻ സർവ്വകലാശാലകൾ തമ്മിലുള്ള അക്കാദമിക് സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതികളും പ്രഖ്യാപിച്ചു.
2023-ലെ ഹർദീപ് സിംഗ് നിജ്ജാർ വധവുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്ന് വഷളായ ബന്ധം പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിൻ്റെ സൂചനയാണ് ഈ സന്ദർശനം. നയതന്ത്രപരമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോൾ തന്നെ സാമ്പത്തിക-ഊർജ്ജ മേഖലകളിൽ പരസ്പര സഹകരണം അനിവാര്യമാണെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.
2023-ൽ കനേഡിയൻ സിഖ് ആക്ടിവിസ്റ്റ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. വിദേശ ഇടപെടലുകളെക്കുറിച്ചുള്ള ആശങ്കകൾ ഇന്ത്യൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായി കനേഡിയൻ മന്ത്രിമാർ അറിയിച്ചു. കാനഡയുടെ ദേശീയ സുരക്ഷ സംരക്ഷിക്കുന്നത് തുടരുമെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഊന്നിപ്പറഞ്ഞു.