കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണിയുടെ ഇന്ത്യ സന്ദർശനത്തിനിടെ നിർണ്ണായക കരാറുകളിൽ ഒപ്പിട്ട് ഇന്ത്യയും കാനഡയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാർക്ക് കാർണിയും തമ്മിൽ ഡൽഹിയിൽ നടത്തിയ ഉന്നതതല കൂടിക്കാഴ്ചയിൽ സുരക്ഷ, വ്യാപാരം, ആണവോർജം തുടങ്ങിയമേഖലകളിൽ സുപ്രധാന തീരുമാനങ്ങളാണ് കൈക്കൊണ്ടത്.
സിവിലിയൻ ആണവോർജ ആവശ്യങ്ങൾക്കായി ദീർഘകാലത്തേക്ക് യുറേനിയം ലഭ്യമാക്കുന്നതിനുള്ള സുപ്രധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കൂടാതെ, ചെറിയ മോഡുലാർ റിയാക്ടറുകൾ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളിൽ യോജിച്ച് പ്രവർത്തിക്കാനും തീരുമാനമായി. 2030-ഓടെ ഉഭയകക്ഷി വ്യാപാരം 50 ബില്യൺ ഡോളറിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഉടൻ അന്തിമമാക്കാൻ ഇരുനേതാക്കളും ധാരണയിലെത്തി.
അന്താരാഷ്ട്ര സോളാർ അലയൻസിലും ഗ്ലോബൽ ബയോഫ്യൂവൽ അലയൻസിലും കാനഡയുടെ പങ്കാളിത്തം ഉറപ്പാക്കിയത് സന്ദർശനത്തിലെ മറ്റൊരു നേട്ടമാണ്.കൃത്രിമബുദ്ധി (AI), ക്വാണ്ടം കമ്പ്യൂട്ടിംഗ്, സെമികണ്ടക്ടർ മേഖലകളിൽ ഇന്ത്യയും കാനഡയും യോജിച്ച് പ്രവർത്തിക്കും.
മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച സാമ്പത്തിക വളർച്ചയെ കനേഡിയൻ പ്രധാനമന്ത്രി പ്രശംസിച്ചു. പ്രതിരോധം, സാംസ്കാരികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും ചർച്ചയിൽ തീരുമാനമായി. മാർക് കാർണിയുടെ ഇന്ത്യ സന്ദർശനം സുപ്രധാന നാഴികക്കല്ലായി ഞങ്ങൾ കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരായ പോരാട്ടത്തിൽ ഇരുരാജ്യങ്ങളും ഒറ്റക്കെട്ടായി നീങ്ങുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പുനൽകി.
കഴിഞ്ഞ കുറച്ചുകാലമായി നിലനിന്നിരുന്ന നയതന്ത്ര തർക്കങ്ങൾക്ക് വിരാമമിട്ട്, പുതിയൊരു സഹകരണത്തിന്റെ പാതയിലേക്ക് നീങ്ങുന്നതിന് വഴിയൊരുക്കുയാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യൻ സന്ദർശനം.