ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ മരണത്തിനിടയാക്കിയ അമേരിക്കൻ-ഇസ്രായേൽ സൈനിക നീക്കങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഇന്ത്യയിൽ പര്യടനം നടത്തുന്നതിനിടെയാണ് അദ്ദേഹം കാനഡയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. മേഖലയിലെ അസ്ഥിരതയുടെയും ഭീകരവാദത്തിന്റെയും പ്രധാന ഉറവിടം ഇറാനാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തടയാൻ അമേരിക്ക നടത്തുന്ന നീക്കങ്ങൾ അന്താരാഷ്ട്ര സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു.
എന്നാൽ, ഈ സൈനിക നീക്കത്തിന്റെ ആസൂത്രണത്തിലോ നടത്തിപ്പിലോ കാനഡ പങ്കാളിയല്ലെന്നും, വരും ദിവസങ്ങളിൽ നേരിട്ടുള്ള സൈനിക ഇടപെടൽ കാനഡയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലുള്ള കനേഡിയൻ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ സർക്കാർ നിർദ്ദേശം നൽകി. ഇറാനിൽ കാനഡയ്ക്ക് എംബസി ഇല്ലാത്തതിനാൽ നയതന്ത്ര സഹായം നൽകുന്നതിൽ പരിമിതികളുണ്ടെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി.
ഇസ്രായേൽ, പലസ്തീൻ, ലെബനൻ എന്നിവിടങ്ങളിലുള്ളവർ എത്രയും വേഗം മടങ്ങണമെന്നും നിർദ്ദേശമുണ്ട്. സൈനിക നടപടിയെ പ്രതിപക്ഷ നേതാവ് പിയറി പൊയിലീവറും പിന്തുണച്ചപ്പോൾ, അമേരിക്കൻ നിലപാടുകളെ അന്ധമായി അനുകരിക്കുകയാണ് കാനഡ ചെയ്യുന്നതെന്ന വിമർശനവുമായി ചില അന്താരാഷ്ട്ര നിരീക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. ഈ സംഘർഷം ആഗോള എണ്ണവിലയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു