ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷത്തെത്തുടർന്ന് പശ്ചിമേഷ്യൻ വ്യോമപാതകൾ അടച്ചതോടെ ആഗോളതലത്തിൽ വ്യോമഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ശനിയാഴ്ച ഇറാൻ, ബഹ്‌റൈൻ, ഖത്തർ, ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ദുബായിലേക്കും തെൽ അവീവിലേക്കുമുള്ള വിമാന സർവീസുകൾ എയർ കാനഡ താൽക്കാലികമായി നിർത്തിവെച്ചു. ദുബായിലേക്കുള്ള വിമാനങ്ങൾ മാർച്ച് 3 വരെയും തെൽ അവീവിലേക്കുള്ളവ മാർച്ച് 8 വരെയുമാണ് റദ്ദാക്കിയിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ വിമാനത്താവളത്തിലേക്ക് വരരുതെന്നും, അവർക്ക് പിഴയില്ലാതെ ടിക്കറ്റുകളിൽ മാറ്റം വരുത്താൻ സൗകര്യമൊരുക്കുമെന്നും എയർലൈൻ അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും വലിയ വിമാനത്താവളമായ ടൊറൻ്റോ പിയേഴ്സൺ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നിന്നുള്ള സർവീസുകളെയും നിലവിലെ സാഹചര്യം ബാധിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാത്രം എഴുനൂറിലധികം വിമാനങ്ങളാണ് ഇതിനകം റദ്ദാക്കിയത്. ഇസ്രായേൽ, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ അനിശ്ചിതകാലത്തേക്ക് അടച്ചതോടെ പല വിമാനങ്ങളും പാതിവഴിയിൽ വഴിതിരിച്ചുവിടുകയോ പുറപ്പെട്ട ഇടങ്ങളിലേക്ക് തന്നെ മടങ്ങി എത്തുകയും ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.