കാനഡയുടെ ജനസംഖ്യാ വളർച്ചാനിരക്കിൽ സമീപകാലത്തായി പ്രകടമാകുന്ന വലിയ മാറ്റങ്ങൾ അസാധാരണമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. കുടിയേറ്റ നയങ്ങളിൽ വരുത്തിയ മാറ്റങ്ങളെത്തുടർന്ന്, ഒരു പാദത്തിൽ രാജ്യത്തെ ജനസംഖ്യയിൽ അപ്രതീക്ഷിതമായ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഏകദേശം 76,000 പേരുടെ കുറവാണ് ഈ കാലയളവിൽ ഉണ്ടായത്. പാൻഡെമിക് കാലഘട്ടത്തിന് ശേഷം ഇത്തരം ഒരു ഇടിവ് ആദ്യമായാണ് സംഭവിക്കുന്നത്.
തുടർന്ന് ജനസംഖ്യാ വളർച്ചയിൽ നേരിയ വർദ്ധനവുണ്ടായെങ്കിലും മുൻപത്തെ അപേക്ഷിച്ച് വേഗത ഗണ്യമായി കുറഞ്ഞു. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നഗരങ്ങളിലും ഗ്രാമങ്ങളിലും ജനസംഖ്യാ വർദ്ധന മന്ദഗതിയിലായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ ചൂണ്ടിക്കാട്ടുന്നു.
വർഷങ്ങളായി കാനഡയുടെ സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തി കുടിയേറ്റമാണ്. അതിനാൽ തന്നെ, കുടിയേറ്റ നയങ്ങളിലെ ഏത് മാറ്റവും സമ്പദ്‌വ്യവസ്ഥയിൽ ഉടനടി പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ട്. കാനഡയുടെ മുൻപത്തെ വളർച്ചാ നിരക്ക് അമിതമായിരുന്നുവെന്നും, അത് പാർപ്പിട മേഖലയിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലും കടുത്ത സമ്മർദ്ദം ചെലുത്തിയെന്നും ഒരു വിഭാഗം വിദഗ്ധർ അഭിപ്രായപ്പെടുന്നു.
എന്നാൽ, വളർച്ചാ നിരക്കിലെ ഈ കുറവ് സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് മറുപക്ഷം മുന്നറിയിപ്പ് നൽകുന്നു. തൊഴിൽ മേഖലയിലെ ഒഴിവുകൾ നികത്താൻ പുതിയ തൊഴിലാളികളെ അത്യാവശ്യമാണെന്നും, സ്ഥിരമായ കുടിയേറ്റം ഇല്ലാതിരിക്കുന്നത് തൊഴിൽ ക്ഷാമം രൂക്ഷമാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടി.