ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി ജോ ബൈഡന്‍; 'ഇതൊരു ഇരുണ്ട കാലഘട്ടം'

By: 600002 On: Mar 2, 2026, 9:14 AM



 


പി പി ചെറിയാന്‍

കൊളംബിയ (സൗത്ത് കരോലിന): പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെയും പ്രവര്‍ത്തനങ്ങളെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സൗത്ത് കരോലിനയില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപിന്റെ ജനപ്രീതി ഇടിയുന്ന പശ്ചാത്തലത്തിലായിരുന്നു ബൈഡന്റെ ഈ കടന്നാക്രമണം.

റെക്കോര്‍ഡ് ദൈര്‍ഘ്യമുള്ള ട്രംപിന്റെ 'സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍' പ്രസംഗത്തെ 'അദ്ദേഹം ഇപ്പോഴും സംസാരിക്കുകയാണോ?' എന്ന് ബൈഡന്‍ പരിഹസിച്ചു. ട്രംപിന് ബരാക് ഒബാമയോട് 'വിചിത്രമായ ഒരു ഭ്രമം' ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മിനസോട്ടയില്‍ ഐ.സി.ഇ  ഉദ്യോഗസ്ഥരുടെ വെടിവെയ്പ്പില്‍ രണ്ട് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ട്രംപ് മൗനം പാലിക്കുന്നതിനെ ബൈഡന്‍ വിമര്‍ശിച്ചു. ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം 'ഇരുണ്ട ദിനങ്ങളാണെന്ന്' അദ്ദേഹം പറഞ്ഞു.

അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട ട്രംപിന്റെ നടപടികള്‍ക്കെതിരെ ജനരോഷം ഉയരുകയാണെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടി. ഒരു പുതിയ സര്‍വേ പ്രകാരം 60% ആളുകളും ട്രംപിന്റെ കുടിയേറ്റ നയങ്ങളില്‍ അതൃപ്തരാണ്. താന്‍ അധികാരം ഒഴിഞ്ഞപ്പോള്‍ അതിര്‍ത്തി കടന്നുള്ള വരവ് ട്രംപിന്റെ ആദ്യ കാലഘട്ടത്തേക്കാള്‍ കുറവായിരുന്നുവെന്നും ബൈഡന്‍ അവകാശപ്പെട്ടു.

'ഇതൊരു ഇരുണ്ട കാലഘട്ടം'തന്റെ രാഷ്ട്രീയ ജീവിതത്തില്‍ വഴിത്തിരിവായ സൗത്ത് കരോലിനയാണ് അമേരിക്കയുടെ പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തന്റെ ഭരണകാലത്തെ നേട്ടങ്ങളായ ഇന്‍സുലിന്‍ വില കുറച്ചതും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചതും ബൈഡന്‍ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ട്രംപ് അമേരിക്കയുടെ അന്താരാഷ്ട്ര പദവി നശിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.