പി പി ചെറിയാന്‍
അമേരിക്കന്‍ എഫ്.ബി.ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കാമുകിയും കണ്‍ട്രി മ്യൂസിക് ഗായികയുമായ അലക്‌സിസ് വില്‍ക്കിന്‍സിന് വന്‍ സുരക്ഷയൊരുക്കുന്നതായി റിപ്പോര്‍ട്ട്. അതീവ സുരക്ഷാ ചുമതലയുള്ള എഫ്.ബി.ഐ 'സ്വാറ്റ്' ടീമിനെയാണ് വില്‍ക്കിന്‍സിന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും യാത്രകള്‍ക്കുമായി വിട്ടുനല്‍കിയിരിക്കുന്നത്.
വില്‍ക്കിന്‍സ് പങ്കെടുക്കുന്ന സംഗീത പരിപാടികള്‍ക്കും ഹെയര്‍ സലൂണ്‍ സന്ദര്‍ശനം പോലുള്ള വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും എഫ്.ബി.ഐ ഏജന്റുമാര്‍ അകമ്പടി സേവിക്കുന്നു. സാധാരണഗതിയില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ക്രിമിനലുകളെ പിടികൂടാനും നിയോഗിക്കപ്പെടുന്ന സ്വാറ്റ് ടീമിനെ ഇതിനായി ഉപയോഗിക്കുന്നത് മുന്‍ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്.
കാഷ് പട്ടേല്‍ തന്റെ അധികാരമുപയോഗിച്ച് വില്‍ക്കിന്‍സ് താമസിക്കുന്ന നാഷ്വില്ലില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചതായും ആരോപണമുണ്ട്. നിയമപരമായ പരിശോധനകള്‍ നടത്തണമെന്ന എഫ്.ബി.ഐ നിര്‍ദ്ദേശം മറികടന്നാണ് ഈ സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പിലാക്കിയത്.
വില്‍ക്കിന്‍സിനു നേരെ വധഭീഷണികള്‍ ഉള്ളതിനാലാണ് സുരക്ഷ നല്‍കുന്നതെന്നാണ് എഫ്.ബി.ഐ വക്താവിന്റെ വിശദീകരണം. എന്നാല്‍, ഗവണ്‍മെന്റ് വിമാനങ്ങളും ഏജന്റുമാരെയും വ്യക്തിപരമായ വിനോദങ്ങള്‍ക്കായി പട്ടേല്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് മുന്‍ ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു.