ടൈം മാഗസിന്‍ 'വുമണ്‍ ഓഫ് ദി ഇയര്‍ 2026': പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ വംശജര്‍

By: 600002 On: Feb 28, 2026, 9:45 AM



 

പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: ലോകത്തെ മാറ്റിമറിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വനിതകളെ ആദരിക്കുന്ന ടൈം മാഗസിന്റെ 2026-ലെ 'വുമണ്‍ ഓഫ് ദി ഇയര്‍' പട്ടിക പുറത്തിറങ്ങി. വിദ്യാഭ്യാസ, സാമ്പത്തിക, ബയോടെക്‌നോളജി മേഖലകളില്‍ തനതായ മുദ്ര പതിപ്പിച്ച മൂന്ന് ഇന്ത്യന്‍ വംശജരാണ് ഈ അഭിമാനകരമായ പട്ടികയില്‍ ഇടംപിടിച്ചത്.

സഫീന ഹുസൈന്‍  ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച പെണ്‍കുട്ടികളെ തിരികെ ക്ലാസ്മുറികളിലെത്തിക്കുന്ന 'എഡ്യൂക്കേറ്റ് ഗേള്‍സ്' എന്ന എന്‍.ജി.ഒയുടെ സ്ഥാപകയാണ്. ഇതുവരെ 15 ലക്ഷം പെണ്‍കുട്ടികളെ ഇവര്‍ വിദ്യാഭ്യാസത്തിലേക്ക് തിരികെ കൊണ്ടുവന്നു. രമണ്‍ മാഗ്‌സസെ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ എന്‍.ജി.ഒ കൂടിയാണിത്.

രേഷ്മ സൗജാനി, 'ഗേള്‍സ് ഹു കോഡ്' , 'മോംസ് ഫസ്റ്റ്'  എന്നിവയുടെ സ്ഥാപക. അമേരിക്കയിലെ ശിശുസംരക്ഷണ പ്രതിസന്ധിക്കെതിരെയും അമ്മമാരുടെ സാമ്പത്തിക തുല്യതയ്ക്കായും നടത്തിയ പോരാട്ടങ്ങളാണ് ഇവരെ ഈ നേട്ടത്തിന് അര്‍ഹയാക്കിയത്.

ഡോ. രേഷ്മ കേവല്‍രമണി,പ്രമുഖ ബയോടെക് കമ്പനിയായ 'വെര്‍ട്ടെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സി'ന്റെ  സി.ഇ.ഒ. സിക്കിള്‍ സെല്‍ അനീമിയയ്ക്കുള്ള ലോകത്തിലെ ആദ്യത്തെ ക്രിസ്പര്‍ അധിഷ്ഠിത ജീന്‍ എഡിറ്റിംഗ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത് ഇവരാണ്.

പാകിസ്താനി അഭിഭാഷക മഹ്നൂര്‍ ഒമര്‍, ഗായിക ബ്രാന്‍ഡി കാര്‍ലൈല്‍ തുടങ്ങിയ പ്രമുഖരും ഈ പട്ടികയിലുണ്ട്.