സുഖകരമായ വിശ്രമജീവിതത്തിന് ശരാശരി 17 ലക്ഷം കനേഡിയൻ ഡോളർ (1.7 Million) സമ്പാദ്യമായി വേണമെന്ന് കാനഡക്കാർ വിശ്വസിക്കുന്നതായി ബാങ്ക് ഓഫ് മോൺട്രിയലിൻ്റെ വാർഷിക സർവേ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിരമിക്കൽ ലക്ഷ്യത്തിൽ 1,60,000 ഡോളറിൻ്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജീവിതച്ചെലവ് വർധിക്കുന്നതും സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് ഈ വർധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ബ്രിട്ടീഷ് കൊളംബിയയിലാണ് ഏറ്റവും ഉയർന്ന സമ്പാദ്യ ലക്ഷ്യം (22 ലക്ഷം ഡോളർ) റിപ്പോർട്ട് ചെയ്തിരിക്കുന്നത്; എന്നാൽ അറ്റ്ലാൻ്റിക് കാനഡയിൽ ഇത് 9,28,000 ഡോളറായി കുറഞ്ഞു നിൽക്കുന്നു. സമ്പാദ്യ ലക്ഷ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും, ഇത് കൈവരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം കാനഡക്കാർക്കിടയിൽ കുറഞ്ഞുവരികയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത 36 ശതമാനം പേരും തങ്ങളുടെ വിരമിക്കൽ ലക്ഷ്യത്തിൽ എത്താൻ കഴിയില്ലെന്ന് ഭയപ്പെടുന്നവരാണ്.
വരുമാനത്തിന്റെ പത്തു ശതമാനമെങ്കിലും വിരമിക്കൽ നിധിക്കായി മാറ്റിവയ്ക്കണമെന്ന് സാമ്പത്തിക വിദഗ്ധർ നിർദ്ദേശിക്കുമ്പോൾ, 21 ശതമാനം ആളുകൾ മാത്രമാണ് ഈ മാനദണ്ഡം പാലിക്കുന്നത്. കൂടാതെ, വർധിച്ചുവരുന്ന സാമ്പത്തിക സമ്മർദ്ദം മൂലം 14 ശതമാനം കാനഡക്കാർ ജോലിയിൽ നിന്ന് പൂർണ്ണമായി വിരമിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പാർട്ട് ടൈം ജോലികളിലൂടെയോ ഫ്രീലാൻസിംഗിലൂടെയോ വരുമാനം കണ്ടെത്താനാണ് താല്പര്യപ്പെടുന്നതെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.