വെസ്റ്റ് കെലോണയിൽ പോലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന തട്ടിപ്പ്: ജാഗ്രതാ നിർദ്ദേശവുമായി ആർസിഎംപി

By: 600110 On: Feb 28, 2026, 8:22 AM

 

 

പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന പൊതുജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ വെസ്റ്റ് കെലോണ ആർസിഎംപി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വെസ്റ്റ് കെലോണ പോലീസ് സ്റ്റേഷൻ്റെ ഔദ്യോഗിക ഫോൺ നമ്പർ  Spoofing നടത്തിയാണ് തട്ടിപ്പുകാർ ഇരകളെ ബന്ധപ്പെടുന്നത്. ബ്രിട്ടീഷ് കൊളംബിയ, ഒൻ്റാരിയോ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് വ്യക്തികൾ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായതായി പരാതിപ്പെട്ടതിനെത്തുടർന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.

പോലീസ് യൂണിഫോം ധരിച്ച വ്യക്തികൾ വീഡിയോ കോളിലൂടെ പ്രത്യക്ഷപ്പെട്ട് വിശ്വാസം നേടിയ ശേഷം വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് രേഖകളും കൈക്കലാക്കി വൻതുക തട്ടിയെടുക്കാൻ ശ്രമിക്കുന്നതാണ് ഈ തട്ടിപ്പിൻ്റെ രീതി.
ഈ തട്ടിപ്പ് രീതി അതീവ സങ്കീർണ്ണമാണെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കോൺസ്റ്റബിൾ ആഷ് പുരി അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥർ ഒരിക്കലും ഫോൺ കോളിലൂടെയോ വീഡിയോ ചാറ്റിലൂടെയോ പണമോ ബാങ്ക് വിവരങ്ങളോ സ്വകാര്യ തിരിച്ചറിയൽ രേഖകളോ ആവശ്യപ്പെടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സംശയാസ്പദമായ ഫോൺ കോളുകൾ ലഭിക്കുകയാണെങ്കിൽ ഉടൻ തന്നെ സംഭാഷണം അവസാനിപ്പിക്കണമെന്നും യാതൊരു കാരണവശാലും സാമ്പത്തിക വിവരങ്ങൾ കൈമാറരുതെന്നും പോലീസ് നിർദ്ദേശിച്ചു. ഇത്തരം തട്ടിപ്പുകൾ തടയുന്നതിനായി ആർസിഎംപി പ്രത്യേക അന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്