കാൽഗറിയിൽ 14 പുതിയ സ്കൂൾ പദ്ധതികൾ പ്രഖ്യാപിച്ച് അൽബെർട്ട സർക്കാർ

By: 600110 On: Feb 28, 2026, 5:03 AM

 

കാൽഗറി നഗരത്തിലെ സ്‌കൂളുകളിൽ വർദ്ധിച്ചുവരുന്ന തിരക്ക് പരിഹരിക്കുന്നതിനായി 14 പുതിയ സ്‌കൂൾ പദ്ധതികൾ പ്രഖ്യാപിച്ച് ആൽബെർട്ട സർക്കാർ. പ്രവിശ്യയുടെ ക്യാപിറ്റൽ പ്ലാനിൽ ഉൾപ്പെടുത്തിയാണ് പുതിയ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. ഇതോടെ കാൽഗറിയിൽ നടപ്പിലാക്കുന്ന മൊത്തം സ്‌കൂൾ പദ്ധതികളുടെ എണ്ണം 45 ആയി ഉയർന്നു.

സെൻ്റ് ഫ്രാൻസിസ് ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ഡിമെട്രിയോസ് നിക്കോളൈഡ്സ്, ധനകാര്യ മന്ത്രി നേറ്റ് ഹോർണർ എന്നിവർ ചേർന്നാണ് പ്രഖ്യാപനം നടത്തിയത്. കാൽഗറി ബോർഡ് ഓഫ് എഡ്യൂക്കേഷൻ (CBE), കാൽഗറി കാത്തലിക് സ്‌കൂൾ ഡിസ്‌ട്രിക്റ്റ് (CCSD) എന്നീ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

നഗരത്തിലെ ദ്രുതഗതിയിലുള്ള ജനസംഖ്യാ വർധനവും വിദ്യാർത്ഥികളുടെ എണ്ണത്തിലെ കുതിച്ചുചാട്ടവുമാണ് ഇത്തരം പദ്ധതികൾ അടിയന്തിരമായി നടപ്പിലാക്കാൻ കാരണമെന്ന് മന്ത്രി നിക്കോളൈഡ്സ് വ്യക്തമാക്കി. ഈ വർഷം മാത്രം വിദ്യാർത്ഥികളുടെ എണ്ണത്തിൽ 1.6 ശതമാനം വർധനവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രാദേശിക ബോർഡുകളുടെ അഭ്യർത്ഥന പരിഗണിച്ചാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ 12,000-ത്തിലധികം വിദ്യാർത്ഥികൾക്ക് ഇതിന്റെ ഗുണം ലഭിക്കും.

നിലവിൽ സിബിഇയുടെ (CBE) കീഴിലുള്ള 70 ശതമാനം സ്‌കൂളുകളും പൂർണ്ണ ശേഷിയിലും അധികം വിദ്യാർത്ഥികളുമായാണ് പ്രവർത്തിക്കുന്നത്. ഹൈസ്‌കൂളുകളിൽ ശരാശരി 107 ശതമാനം പേർ പഠിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ, പുതിയ സ്‌കൂളുകൾ അനിവാര്യമാണെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.