കാല്ഗറിയിൽ സ്വന്തം പുരയിടത്തിൽ ബാക്ക്‌യാർഡ് സ്യൂട്ടുകൾ (Backyard Suites) നിർമ്മിക്കാൻ താല്പര്യമുള്ളവർക്കായി നഗരഭരണകൂടം പുതിയ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചു. വർദ്ധിച്ചുവരുന്ന ഭവനക്ഷാമം പരിഹരിക്കാനും താമസസൗകര്യങ്ങൾ വൈവിധ്യവത്കരിക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പൊതുവായ നിർമ്മാണ ചെലവുകൾക്കായി 15,000 ഡോളർ വരെയും, അനുയോജ്യമായ പ്രോജക്റ്റുകൾക്ക് Infrastructure വികസനത്തിനായി 20,000 ഡോളർ വരെയും സാമ്പത്തിക സഹായം ലഭിക്കും.
വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന മാതാപിതാക്കൾക്കോ, മുതിർന്ന മക്കൾക്കോ അല്ലെങ്കിൽ വാടകയ്ക്ക് നൽകാനോ ഉപയോഗിക്കാവുന്ന ഇത്തരം ചെറിയ വീടുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നത് വഴി നഗരത്തിലെ ഭവന സമ്മർദ്ദം കുറയ്ക്കാൻ സാധിക്കുമെന്ന് അധികൃതർ കരുതുന്നു. ഫെഡറൽ ഹൗസിംഗ് ആക്സിലറേറ്റർ ഫണ്ടിൽ നിന്നുള്ള 10 മില്യൺ ഡോളർ ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മാർച്ച് 2 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന എന്ന അടിസ്ഥാനത്തിലായിരിക്കും ഫണ്ട് അനുവദിക്കുക. 2025-ൽ നടത്തിയ സർവ്വേയിൽ 88 ശതമാനം ആളുകളും തങ്ങളുടെ വീടിനോട്ട് ചേർന്ന് ഇത്തരം സ്യൂട്ടുകൾ നിർമ്മിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പൈതൃക കെട്ടിടങ്ങൾക്കും ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നവർക്കും പദ്ധതിയിൽ മുൻഗണന ലഭിക്കും