ബ്രിട്ടീഷ് കൊളംബിയയിലെ മിനിമം വേതനം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് സർക്കാർ. 2026 ജൂൺ ഒന്ന് മുതൽ മിനിമം വേതനം മണിക്കൂറിന് $18.25 ആയി ഉയരും. നിലവിലെ നിരക്കായ $17.85-ൽ നിന്ന് 40 സെൻ്റിൻ്റെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്.: 2026 ജൂൺ 1 മുതൽ പുതിയ വേതന നിരക്ക് പ്രാബല്യത്തിൽ വരും. അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും വർദ്ധിച്ചുവരുന്ന വിലക്കയറ്റം നേരിടാൻ തൊഴിലാളികളെ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഭൂരിഭാഗം തൊഴിൽ മേഖലകൾക്കും ഈ വർദ്ധനവ് ബാധകമാണ്. ഇതിൽ കെയർടേക്കർമാർ, ക്യാമ്പ് ലീഡർമാർ, റൈഡ്-ഹെയ്‌ലിംഗ്, ഡെലിവറി ആപ്പ് തൊഴിലാളികൾ എന്നിവരും ഉൾപ്പെടുന്നു. കർഷകർക്കുള്ള കൂലി നിരക്കിലെ വർദ്ധനവ് ഈ വർഷം അവസാനമേ നടപ്പിലാക്കൂ. വിളവെടുപ്പ് കാലത്ത് വേതന കാര്യങ്ങളിൽ തടസ്സങ്ങൾ ഒഴിവാക്കാനാണ് ഇത്തരമൊരു ക്രമീകരണം സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
2018 മുതൽ എല്ലാ വർഷവും ജൂൺ ഒന്നിന് ബി.സി.യിൽ മിനിമം വേതനം വർദ്ധിപ്പിക്കാറുണ്ട്. 2018-ൽ മണിക്കൂറിന് $12.65 ആയിരുന്ന മിനിമം വേതനമാണ് ഇപ്പോൾ $18.25-ലേക്ക് എത്തിനിൽക്കുന്നത്. നിലവിൽ കാനഡയിലെ എല്ലാ പ്രവിശ്യകളിലും വെച്ച് ഏറ്റവും ഉയർന്ന മിനിമം വേതനം ബി.സി.യിലാണ്. ഒന്റാറിയോയാണ് ($18.00) തൊട്ടുപിന്നിലുള്ളത്.
തൊഴിലാളികൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ഈ നടപടി സഹായിക്കുമെന്ന് ലേബർ മിനിസ്റ്റർ ജെന്നിഫർ വൈറ്റ്‌സൈഡ് വ്യക്തമാക്കി. അതേസമയം, ഈ വർദ്ധനവ് നിലവിലെ സാഹചര്യത്തിൽ ഒരു വ്യക്തിക്ക് അന്തസ്സോടെ ജീവിക്കാൻ ആവശ്യമായ "ലിവിംഗ് വേജ്" (എന്ന നിലവാരത്തിൽ എത്തിയിട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.