പി പി ചെറിയാന്‍
കാനഡ: കാനഡയിലെ ടംബ്ലര്‍ റിഡ്ജ് സ്‌കൂളില്‍ എട്ടുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് പിന്നാലെ ചാറ്റ് ജിപിടി (ChatGPT) നിര്‍മ്മാതാക്കളായ ഓപ്പണ്‍ എഐ സുരക്ഷാ പ്രോട്ടോക്കോളുകളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. പ്രതിയായ ജെസ്സി വാന്‍ റൂട്ട്‌സെലര്‍ക്ക് ചാറ്റ് ജിപിടിയില്‍ രണ്ടാമതൊരു അക്കൗണ്ട് കൂടി ഉണ്ടായിരുന്നതായി കമ്പനി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
അക്രമാസക്തമായ ഉള്ളടക്കം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇയാളുടെ ആദ്യ അക്കൗണ്ട് കഴിഞ്ഞ ജൂണില്‍ കമ്പനി നിരോധിച്ചിരുന്നു. എന്നാല്‍ നിരോധനം മറികടന്ന് ഇയാള്‍ മറ്റൊരു അക്കൗണ്ട് കൂടി ഉപയോഗിച്ചുവെന്ന് വെടിവെപ്പിന് ശേഷമാണ് കമ്പനി കണ്ടെത്തിയത്.
നേരത്തെ കൃത്യമായ സ്ഥലമോ സമയമോ വ്യക്തമാക്കിയുള്ള ഭീഷണികള്‍ മാത്രമേ പോലീസിനെ അറിയിച്ചിരുന്നുള്ളൂ എങ്കില്‍, ഇനി മുതല്‍ അപകടകരമെന്ന് തോന്നുന്ന ഏത് സംഭാഷണത്തെക്കുറിച്ചും പോലീസിനെ അറിയിക്കാന്‍ കമ്പനി തീരുമാനിച്ചു.
അപകടകാരികളായ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ കനേഡിയന്‍ പോലീസുമായി ചേര്‍ന്ന് പ്രത്യേക സംവിധാനം ഒരുക്കും.
മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ എഐ ചാറ്റ്‌ബോട്ടുകളെ നിയന്ത്രിക്കുമെന്ന് കാനഡ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.