പി പി ചെറിയാന്‍
ഫ്‌ലോറിഡ: 1986-ല്‍ 70 വയസ്സുകാരിയായ വിര്‍ജി ലാംഗ്‌ഫോര്‍ഡിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി മെല്‍വിന്‍ ട്രോട്ടറുടെ (65) വധശിക്ഷ ഫ്‌ലോറിഡയില്‍ നടപ്പാക്കി. ഫെബ്രുവരി 24 ചൊവ്വാഴ്ച വൈകുന്നേരം 6:15-ഓടെ മാരകമായ വിഷമിശ്രിതം കുത്തിവെച്ചാണ് ശിക്ഷ നടപ്പിലാക്കിയത്.
ഈ വര്‍ഷം അമേരിക്കയില്‍ നടക്കുന്ന നാലാമത്തെ വധശിക്ഷയാണിത്. കഴിഞ്ഞ വര്‍ഷം 19 പേരെ വധശിക്ഷയ്ക്ക് വിധേയനാക്കി ഫ്‌ലോറിഡ റെക്കോര്‍ഡ് ഇട്ടിരുന്നു.
സ്വന്തം പലചരക്ക് കടയില്‍ ജോലി ചെയ്തിരുന്ന വിര്‍ജി ലാംഗ്‌ഫോര്‍ഡിനെ കുത്തിക്കൊലപ്പെടുത്തി പണം കവര്‍ന്നു. മരിക്കുന്നതിന് മുന്‍പ് വിര്‍ജി തന്നെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഫ്‌ലോറിഡയിലെ വധശിക്ഷാ രീതികളെ സുപ്രീം കോടതി ജസ്റ്റിസ് സോണിയ സോട്ടോമേയര്‍ രൂക്ഷമായി വിമര്‍ശിച്ചു. കാലാവധി കഴിഞ്ഞ മരുന്നുകളാണോ വധശിക്ഷയ്ക്കായി ഉപയോഗിക്കുന്നതെന്ന കാര്യത്തില്‍ ഫ്‌ലോറിഡ സര്‍ക്കാര്‍ പുലര്‍ത്തുന്ന രഹസ്യാത്മകത അങ്ങേയറ്റം ആശങ്കാജനകമാണെന്ന് അവര്‍ നിരീക്ഷിച്ചു.
അഞ്ച് പതിറ്റാണ്ടായി വിര്‍ജി ലാംഗ്‌ഫോര്‍ഡ് നടത്തിവന്നിരുന്ന കടയില്‍ വെച്ചാണ് ആക്രമണം നടന്നത്. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അവര്‍ കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായിരുന്ന ട്രോട്ടര്‍, കടയിലെ പണം മോഷ്ടിക്കുന്നതിനിടയിലാണ് വിര്‍ജിയെ കശാപ്പുകാരന്റെ കത്തി ഉപയോഗിച്ച് ഏഴുതവണ കുത്തിയത്. തനിക്ക് ബൗദ്ധികമായ വൈകല്യങ്ങള്‍ ഉണ്ടെന്ന ട്രോട്ടറുടെ വാദം കോടതികള്‍ തള്ളിയിരുന്നു.
അടുത്ത വധശിക്ഷ മാര്‍ച്ച് 3-ന് ഫ്‌ലോറിഡയില്‍ തന്നെ നടക്കും. ഒരു പോലീസ് ഉദ്യോഗസ്ഥനെ വധിച്ച കേസില്‍ ബില്ലി ലിയോണ്‍ കിയേഴ്‌സിനെയാണ് അടുത്തതായി വധശിക്ഷയ്ക്ക് വിധേയനാക്കുന്നത്.