സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രസംഗത്തിനിടെ ഇല്‍ഹാന്‍ ഒമറിന്റെ അതിഥി അറസ്റ്റില്‍; ജനാധിപത്യത്തിന് ഭീഷണിയെന്ന് ഒമര്‍

By: 600002 On: Feb 26, 2026, 9:35 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍' പ്രസംഗത്തിനിടെ മിനസോട്ട പ്രതിനിധി ഇല്‍ഹാന്‍ ഒമറിന്റെ അതിഥി അലിയ റഹ്‌മാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് വലിയ വിവാദമാകുന്നു. സമാധാനപരമായി പ്രതിഷേധിച്ച അതിഥിയോട് പോലീസ് കാണിച്ചത് ക്രൂരമായ നടപടിയാണെന്നും ഇത് അമേരിക്കന്‍ ജനാധിപത്യത്തെ ഭയപ്പെടുത്തുന്ന ഒന്നാണെന്നും ഇല്‍ഹാന്‍ ഒമര്‍ പ്രതികരിച്ചു.

പ്രസംഗത്തിനിടെ എഴുന്നേറ്റു നിന്ന് പ്രതിഷേധിച്ചു എന്നാരോപിച്ചാണ് ബംഗ്ലാദേശി-അമേരിക്കന്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ അലിയ റഹ്‌മാനെ കാപ്പിറ്റോള്‍ പോലീസ് അറസ്റ്റ് ചെയ്തത്.

സഭയ്ക്കുള്ളില്‍ പ്രകടനം നടത്തുന്നത് നിരോധിച്ചിട്ടുണ്ടെന്നും, ഇരിക്കാന്‍ പറഞ്ഞിട്ടും അനുസരിക്കാത്തതിനാലാണ് 'നിയമവിരുദ്ധമായ പെരുമാറ്റത്തിന്' കേസ് എടുത്തതെന്നുമാണ് പോലീസ് പറയുന്നത്.

എന്നാല്‍ താന്‍ നിശബ്ദമായി എഴുന്നേറ്റു നില്‍ക്കുക മാത്രമാണ് ചെയ്തതെന്ന് അലിയ പറഞ്ഞു. ട്രംപിന്റെ വംശീയ പരാമര്‍ശങ്ങള്‍ കേട്ടപ്പോഴാണ് താന്‍ പ്രതിഷേധിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം മിനിയാപൊളിസില്‍ വെച്ച് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അലിയയെ കാറില്‍ നിന്ന് വലിച്ചിഴച്ച് തടങ്കലിലാക്കിയത് വലിയ വാര്‍ത്തയായിരുന്നു. ഭിന്നശേഷിക്കാരിയായ തനിക്ക് അന്ന് വൈദ്യസഹായം പോലും നിഷേധിക്കപ്പെട്ടതായി അലിയ വെളിപ്പെടുത്തിയിട്ടുണ്ട്.

അലിയയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കൃത്യമായ വിശദീകരണം വേണമെന്ന് ഇല്‍ഹാന്‍ ഒമര്‍ ആവശ്യപ്പെട്ടു. അലിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമാണ് പോലീസ് ആസ്ഥാനത്തേക്ക് മാറ്റിയത്.