പോർട്ടർ എയർലൈൻസിനെതിരെ നിയമപോരാട്ടത്തിൽ വാൻകൂവർ യാത്രക്കാരിക്ക് അനുകൂല വിധി 

By: 600110 On: Feb 26, 2026, 9:12 AM

പോർട്ടർ എയർലൈൻസിനെതിരെ നിയമപോരാട്ടം: വാൻകൂവർ യാത്രക്കാരിക്ക് അനുകൂല വിധി. വിമാനത്തിൽ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് പോർട്ടർ എയർലൈൻസിനെതിരെ  യാത്രക്കാരി നടത്തിയ നിയമപോരാട്ടത്തിലാണ് ബിസി സിവിൽ റെസല്യൂഷൻ ട്രൈബ്യൂണൽ ഉപഭോക്താവിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

വാൻകൂവറിൽ നിന്നും മോൺട്രിയൽ വഴി മാഡ്രിഡിലേക്ക് പോകാനിരുന്ന രണ്ട് യാത്രക്കാർക്കാണ് സാങ്കേതിക കാരണങ്ങൾ ഉന്നയിച്ച് എയർലൈൻസ് യാത്രാനുമതി നിഷേധിച്ചത്. യാത്രക്കാരുടെ ജനനത്തീയതി രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു കമ്പനിയുടെ വാദം. എന്നാൽ, വിവരങ്ങൾ കൈമാറുന്നതിൽ എയർലൈൻസിൻ്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയ ട്രൈബ്യൂണൽ, യാത്രക്കാർക്ക് ഉണ്ടായ നഷ്ടത്തിന് പരിഹാരമായി 1,783.86 ഡോളർ (ഏകദേശം 1.5 ലക്ഷം രൂപ) നൽകാൻ ഉത്തരവിട്ടു.

യാത്രാ ഏജൻ്റിൻ്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് തടസ്സത്തിന് കാരണമെന്ന് എയർലൈൻസ് വാദിച്ചെങ്കിലും, ട്രാവൽ ഏജൻ്റ് കൃത്യമായ വിവരങ്ങൾ നൽകിയിരുന്നതായി രേഖകൾ തെളിയിച്ചു. എയർലൈൻസിൻ്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടുകളും കമ്പ്യൂട്ടർ സിസ്റ്റത്തിലെ തകരാറുകളും ഉദ്യോഗസ്ഥരുടെ അശ്രദ്ധയും വിധിയിൽ നിർണ്ണായകമായി. നിശ്ചിത സമയത്തിന് 150 മിനിറ്റ് മുമ്പ് തന്നെ യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയെന്നും, എന്നാൽ ചെക്ക്-ഇൻ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ എയർലൈൻസ് പരാജയപ്പെട്ടുവെന്നും ട്രൈബ്യൂണൽ നിരീക്ഷിച്ചു.