കാനഡയിലെ അഞ്ച് പ്രവിശ്യകൾ കേന്ദ്രീകരിച്ച് മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് നടത്തുന്ന വൻകിട ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് തട്ടിപ്പ് ശൃംഖലയെക്കുറിച്ച് എഡ്മൻ്റൺ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. തട്ടിപ്പുമായി ബന്ധമുണ്ടെന്ന് കരുതുന്ന 24 പ്രതികളിൽ എട്ടുപേരുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. ബാങ്ക് ഉദ്യോഗസ്ഥർ ചമഞ്ഞ് ഫോണിലൂടെ ബന്ധപ്പെട്ട്, ഉപഭോക്താക്കളുടെ കാർഡുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.
ബാങ്ക് ജീവനക്കാരാണെന്ന് വിശ്വസിപ്പിച്ച് വിളിക്കുന്ന പ്രതികൾ, സുരക്ഷയ്ക്കായി കാർഡുകൾ മുറിച്ചുമാറ്റാൻ ഇരകളോട് നിർദ്ദേശിക്കുന്നു. തുടർന്ന് ഈ കാർഡുകൾ ശേഖരിക്കാനായി ഒരു "ബാങ്ക് കൊറിയറെ" അയക്കുകയും, അവർ കൈക്കലാക്കുന്ന ചിപ്പുകൾ ഉപയോഗിച്ച് വൻ തുകകൾ തട്ടിയെടുക്കുകയുമാണ് ചെയ്യുന്നത്. എഡ്മന്റണിൽ താമസിക്കുന്ന 85 വയസ്സുകാരന് ഇത്തരത്തിൽ 30,000 ഡോളറോളം നഷ്ടമായി. ബാങ്കുകൾ ഒരിക്കലും ഫോണിലൂടെ പിൻ നമ്പറോ പാസ്‌വേഡോ ചോദിക്കില്ലെന്നും, ഇത്തരം കോളുകളോട് ജാഗ്രത പാലിക്കണമെന്നും എഡ്മന്റൺ പോലീസ് അറിയിച്ചു.