ഇന്ത്യ-കാനഡ ബന്ധം സാധാരണ നിലയിലേക്ക്; അക്രമസംഭവങ്ങളിൽ ഇന്ത്യയ്ക്ക് പങ്കില്ലെന്ന് കനേഡിയൻ സർക്കാർ 

By: 600110 On: Feb 26, 2026, 8:58 AM

കാനഡയിലെ അക്രങ്ങൾ ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന മുൻ നിലപാടിൽ നിർണായക മാറ്റം വരുത്തി ഫെഡറൽ സർക്കാർ. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ  ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി ഓട്ടവയിൽ നടന്ന ഉന്നതതല നയതന്ത്ര യോഗത്തിലാണ് കാനഡ ഈ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുമായി നിലവിൽ ശക്തമായ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്നും, കാനഡയിൽ ഇന്ത്യൻ ഏജന്റുമാർ ഭീഷണിപ്പെടുത്തലുകളോ അക്രമങ്ങളോ തുടരുന്നതായി തങ്ങൾ വിശ്വസിക്കുന്നില്ലെന്നും മുതിർന്ന കനേഡിയൻ ഉദ്യോഗസ്ഥൻ അറിയിച്ചു.

ഇന്ത്യ കാനഡയുടെ ആഭ്യന്തര ജനാധിപത്യത്തിൽ ഇടപെടുന്നുണ്ടെന്ന് ബോധ്യപ്പെട്ടാൽ പ്രധാനമന്ത്രി ഈ യാത്രയുമായി മുന്നോട്ട് പോകുമായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അതേസമയം, ഈ നീക്കത്തിനെതിരെ കാനഡയിലെ സിഖ് വംശജർ പ്രതിഷേധം രേഖപ്പെടുത്തി. സാമ്പത്തിക-വ്യാപാര താൽപ്പര്യങ്ങൾക്കായി സർക്കാർ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയാണെന്ന് സിഖ് ആക്ടിവിസ്റ്റ് മൊനിന്ദർ സിംഗ് ആരോപിച്ചു. തനിക്ക് നേരെ ഇപ്പോഴും വധഭീഷണി നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിയമവാഴ്ചയ്ക്കും പൗരന്മാരുടെ സുരക്ഷയ്ക്കുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി.