രാജ്യത്തെ ആരോഗ്യമേഖലയിലെ വലിയൊരു പ്രതിസന്ധി ചൂണ്ടിക്കാട്ടി പുതിയൊരു സർവ്വേ ഫലം കൂടി പുറത്ത്

By: 600110 On: Feb 25, 2026, 2:23 PM

 

 

രാജ്യത്തെ ആരോഗ്യമേഖലയിലെ വലിയൊരു പ്രതിസന്ധി ചൂണ്ടിക്കാട്ടി പുതിയൊരു സർവ്വേ ഫലം കൂടി പുറത്ത് വന്നു.  കുടുംബ ഡോക്ടറുടെ സേവനം ലഭിക്കുന്നത് അയാൾ ഏത് പ്രവിശ്യയിൽ താമസിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നാണ് കനേഡിയൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് ഡോ. താര കിരൺ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്.  കാനഡയിലെ മുതിർന്നവരിൽ ഏകദേശം 58 ലക്ഷത്തോളം പേർക്ക് സ്വന്തമായി ഒരു കുടുംബ ഡോക്ടറോ അല്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ചികിത്സ തേടാൻ ഒരു ക്ലിനിക്കോ ലഭ്യമല്ലെന്ന് റിപ്പോർട്ട് പറയുന്നു.

ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തിൽ ഓരോ പ്രവിശ്യയിലും ഓരോ അവസ്ഥയാണ് നിലവിലുള്ളത്. ന്യൂ ബ്രൺസ്‌വിക്കിൽ  സ്ഥിതി സങ്കീർണ്ണമാണ്. അവിടെ വെറും 65.9 ശതമാനം ആളുകൾക്ക് മാത്രമാണ് ഡോക്ടറുടെ സേവനം ഉറപ്പുള്ളത്. അതായത്, 2.4 ലക്ഷത്തോളം പേർ അവിടെ ചികിത്സയ്ക്കായി നെട്ടോട്ടമോടുകയാണ്. ആൽബർട്ട, ഒൻ്റാരിയോ, മാനിറ്റോബ എന്നീ പ്രവിശ്യകളിൽ 87 ശതമാനത്തിലധികം പേർക്ക് ഡോക്ടർമാരുടെ സേവനം ലഭിക്കുമ്പോൾ, ന്യൂഫൗണ്ട്‌ലാൻഡ്, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ക്യൂബെക്ക് എന്നിവിടങ്ങളിൽ സ്ഥിതി ദയനീയമാണ്.

അസുഖം വന്നാൽ അന്നുതന്നെയോ അടുത്ത ദിവസമോ ഡോക്ടറെ കാണാൻ കഴിയുന്നത് വെറും 37 ശതമാനം പേർക്ക് മാത്രമാണ്. രാത്രിയിലോ അവധി ദിവസങ്ങളിലോ ക്ലിനിക്കുകളിൽ നിന്ന് സഹായം ലഭിക്കുന്നത് 31 ശതമാനം പേർക്ക് മാത്രവും.സ്ഥിരമായി ഒരു ഡോക്ടറുടെ നിരീക്ഷണത്തിലല്ലാത്തത് മാറാരോഗങ്ങളുള്ളവർക്ക് വലിയ ഭീഷണിയാണ്. തുടർച്ചയായി രണ്ട് വർഷം ഫാമിലി ഡോക്ടറുടെ സേവനം ലഭിക്കാത്ത രോഗികൾക്കിടയിൽ മരണസാധ്യത വളരെ കൂടുതലാണ് എന്നാണ് ഒൻ്റാരിയോയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.  നിലവിൽ സ്വന്തമായി ഡോക്ടറുള്ളവരിൽ 67 ശതമാനം പേരും ലഭിക്കുന്ന സേവനത്തിൽ തൃപ്തരാണ്. എന്നാൽ കാനഡയിലെ മൊത്തത്തിലുള്ള പ്രാഥമിക ആരോഗ്യ സംവിധാനത്തിൻ്റെ പ്രവർത്തനത്തിൽ വെറും 27.8 ശതമാനം ആളുകൾക്ക് മാത്രമേ പൂർണ്ണ വിശ്വാസമുള്ളൂ.