ബ്രിട്ടീഷ് കൊളംബിയയിലെ എൻ.ഡി.പി സർക്കാർ നിർദ്ദേശിച്ച പ്രൊവിൻഷ്യൽ സെയിൽസ് ടാക്സ് പരിഷ്കാരങ്ങൾക്കെതിരെ പ്രവിശ്യയിലെ പ്രമുഖ ബിസിനസ് സംഘടനകൾ രംഗത്തെത്തി. അക്കൗണ്ടിംഗ്, ആർക്കിടെക്ചറൽ, എൻജിനീയറിംഗ്, ജിയോസയന്റിസ്റ്റ്, സെക്യൂരിറ്റി തുടങ്ങിയ പ്രൊഫഷണൽ സേവനങ്ങൾക്ക് നിലവിലുണ്ടായിരുന്ന നികുതിയിളവ് പിൻവലിക്കാനുള്ള സർക്കാർ നീക്കം നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഗ്രേറ്റർ വാൻകൂവർ ബോർഡ് ഓഫ് ട്രേഡ് (GVBT) മുന്നറിയിപ്പ് നൽകി.
നിലവിലെ സാമ്പത്തിക അനിശ്ചിതത്വത്തിനിടയിൽ ഇത്തരം അധിക നികുതി ഭാരങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഇൻപുട്ട് ചെലവുകൾ വർദ്ധിപ്പിക്കുമെന്നും, ഇത് ബിസിനസ് വളർച്ചയെയും തൊഴിലവസരങ്ങളെയും തടസ്സപ്പെടുത്തുമെന്നും ജി.വി.ബി.ടി സി.ഇ.ഒ ബ്രിഡ്ജിറ്റ് ആൻഡേഴ്സൺ വ്യക്തമാക്കി. സർക്കാരിൻ്റെ അമിതമായ ചെലവഴിക്കൽ നിയന്ത്രിക്കാതെ നികുതി വർദ്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സറേ വൈറ്റ് റോക്ക് ബോർഡ് ഓഫ് ട്രേഡ് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. വ്യവസായ സൗഹൃദ അന്തരീക്ഷം തകർക്കുന്ന ഇത്തരം നടപടികൾ പുനഃപരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.