ഉക്രെയ്‌ന് വീണ്ടും കാനഡയുടെ സാമ്പത്തിക-സൈനിക സഹായം. 2 ബില്യൺ ഡോളറിൻ്റെ സൈനിക സഹായമാണ് കാനഡ വാഗ്ദാനം ചെയ്തത്. റഷ്യൻ അധിനിവേശത്തിൻ്റെ നാലാം വാർഷികത്തിലാണ് പ്രധാനമന്ത്രി മാർക്ക് കാർണി ഉക്രെയ്‌ന് പുതിയ പിന്തുണ പ്രഖ്യാപിച്ചത്. റഷ്യ സൈനികമായും സാമ്പത്തികമായും പരാജയപ്പെടുകയാണെന്ന് അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു. നീതിപൂർണ്ണവും ശാശ്വതവുമായ സമാധാനത്തിനായി കാനഡ സഖ്യകക്ഷികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും, ഉക്രെയ്‌നൊപ്പം ഉറച്ചുനിൽക്കുമെന്നും മാർക്ക് കാർണി വ്യക്തമാക്കി.
400 കവചിത വാഹനങ്ങൾ ഉക്രെയ്‌ന് നൽകുമെന്ന് പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗ്വിന്റി അറിയിച്ചു. കൂടാതെ ഉക്രെയ്ൻ സൈനികർക്കുള്ള പരിശീലനം മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. തകർന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനായി 20 മില്യൺ ഡോളറും കനേഡിയൻ സർക്കാർ നൽകും. റഷ്യക്കെതിരെ കനേഡിയൻ സർക്കാർ ശക്തമായ പുതിയ ഉപരോധങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. രഹസ്യമായി എണ്ണ വിൽക്കാൻ റഷ്യയെ സഹായിക്കുന്ന 100 കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തി. ഉക്രെയ്നിലെ വൈദ്യുതി ശൃംഖല ആക്രമിച്ചവർ ഉൾപ്പെടെ 21 വ്യക്തികൾക്കും 53 സ്ഥാപനങ്ങൾക്കും എതിരെ നടപടിയെടുക്കും. റഷ്യ ഉപയോഗിക്കുന്ന ക്രിപ്റ്റോകറൻസി സംവിധാനങ്ങളെയും ഈ നിയന്ത്രണങ്ങൾ ലക്ഷ്യം വയ്ക്കുന്നുണ്ട്.