ഓൺലൈൻ വിൽപനയുമായി ബന്ധപ്പെട്ട് നടക്കുന്ന കവർച്ചകളെക്കുറിച്ച് എഡ്മന്റൺ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കിജിജി (Kijiji), ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ് എന്നിവ വഴി സാധനങ്ങൾ വിൽക്കാൻ എത്തുന്നവരെ കേന്ദ്രീകരിച്ചാണ് ഈ കവർച്ചകൾ നടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരം 15 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പോലീസ് അറിയിച്ചു. വിലകൂടിയ മൊബൈൽ ഫോണുകൾ, ബ്രാൻഡഡ് വസ്ത്രങ്ങൾ എന്നിവ വിൽക്കുന്നവരെയാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
സാധനം വാങ്ങാനെന്ന വ്യാജേന എത്തുന്ന പ്രതി, അത് പരിശോധിക്കുന്നതിനിടെ ഒന്നോ അതിലധികമോ കൂട്ടാളികൾ കൂടി അവിടെ എത്തുന്നു. തുടർന്ന് വിൽപനക്കാരനെ ഭീഷണിപ്പെടുത്തി സാധനങ്ങളുമായി ഇവർ കടന്നുകളയുന്നു.ചില കേസുകളിൽ തോക്ക് ചൂണ്ടിയുള്ള ഭീഷണിയും ഉണ്ടായിട്ടുണ്ട്.തെക്കുപടിഞ്ഞാറൻ എഡ്മന്റണിലെ ഡഗ്ഗൻ മേഖലയിലാണ് ആദ്യമായി ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തത്. പിന്നീട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ സംഭവങ്ങൾ ഉണ്ടായി. കവർച്ചകളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ 5,000 ഡോളറിൽ താഴെയുള്ള മോഷണക്കുറ്റം ചുമത്തിയിട്ടുണ്ട്.
ഓൺലൈൻ വിൽപനയ്ക്കായി ആളുകളെ കാണുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ പൊതുസ്ഥലങ്ങൾ മാത്രം കൂടിക്കാഴ്ചയ്ക്കായി തിരഞ്ഞെടുക്കണമെന്നും പോലീസ് അറിയിച്ചു. ജാഗ്രത പാലിക്കുക എന്നതാണ് ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാർഗമെന്നും എഡ്മൻ്റൺ പോലീസ് വ്യക്തമാക്കി.